കൊവിഡ് പ്രതിസന്ധിയില്‍ കേരളത്തിന് കൈത്താങ്ങാകാന്‍ 'ബിരിയാണി ചലഞ്ചു'മായി ബ്രിട്ടനിലെ മലയാളി കൂട്ടായ്മ

By Web TeamFirst Published Jun 7, 2021, 3:36 PM IST
Highlights

വാക്‌സിന്‍ ചലഞ്ചിന് നിര്‍ലോഭമായ പിന്തുണ നല്‍കാന്‍ സംഘടനയുടെ ഘടകങ്ങളിലെല്ലാം പരിപാടികള്‍ സംഘടിപ്പിക്കാനാണ് ദേശീയ കമ്മറ്റി തീരുമാനിച്ചത്. കേറ്ററിങ് യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചു. 28ഓളം യുവാക്കളുടെ സഹകരണത്തോടെയാണ് ബരിയാണി ചലഞ്ച്‌ നടപ്പിലാക്കിയത്.

ലണ്ടന്‍: കൊവിഡ് പ്രതിസന്ധിയില്‍ കേരളത്തിന് കൈത്താങ്ങായി ബ്രിട്ടനിലെ മലയാളികളുടെ കൂട്ടായ്മയായ 'സമീക്ഷ'. മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് പണം സ്വരൂപിക്കുന്നതിനായി വലിയ ബിരിയാണി ചലഞ്ചാണ് സമീക്ഷ യുകെ നാഷണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കേറ്ററിങ് ബ്രാഞ്ച് നടത്തിയത്. ഇതിലൂടെ ലഭിച്ച പണം മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലിഞ്ചിന് നല്‍കാന്‍ സംഘടനയ്ക്ക് കഴിഞ്ഞു.

യുകെ മലയാളികള്‍ക്കിടയിലെ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന 'സമീക്ഷ'യുടെ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു. വാക്‌സിന്‍ ചലഞ്ചിന് നിര്‍ലോഭമായ പിന്തുണ നല്‍കാന്‍ സംഘടനയുടെ ഘടകങ്ങളിലെല്ലാം പരിപാടികള്‍ സംഘടിപ്പിക്കാനാണ് ദേശീയ കമ്മറ്റി തീരുമാനിച്ചത്. കേറ്ററിങ് യൂണിറ്റ് ബിരിയാണി ചലഞ്ചിലൂടെ ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചു. 28ഓളം യുവാക്കളുടെ സഹകരണത്തോടെയാണ് ബരിയാണി ചലഞ്ച്‌ നടപ്പിലാക്കിയത്. ജോലിയില്‍ നിന്ന് അവധിയെടുത്താണ് ഇതിനായി യുവാക്കള്‍ ഒത്തുചേര്‍ന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബിരിയാണി ചലഞ്ചും ശ്രമകരമായിരുന്നു. ബിരിയാണി വീടുകളില്‍ എത്തിക്കാനാണ് തീരുമാനിച്ചത്. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തി. മികച്ച പ്രതികരണമാണ് ലഭിച്ചത്. ചലഞ്ചില്‍ പങ്കെടുക്കാന്‍ അറുനൂറോളം പേര്‍ രംഗത്ത് വന്നു. ഇതോടെ ബിരിയാണി ഉണ്ടാക്കുന്നത് പ്രതീക്ഷിച്ചതിലും വലിയ ചലഞ്ചായി.

യുവാക്കള്‍ ഒത്തുപിടിച്ചതോടെ ഉഗ്രന്‍ തലശ്ശേരി ബിരിയാണി റെഡി. ഓഡര്‍ ചെയ്തവര്‍ക്കെല്ലാം വീടുകളില്‍ ബിരിയാണി എത്തിച്ച് നല്‍കി. ദില്ലിയിലെ കര്‍ഷക സമരകാലത്ത് പതിനാല് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് നല്‍കിയ ചരിത്രവും 'സമീക്ഷ'ക്കുണ്ട്. വാക്‌സിന്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ യു കെ മലയാളികള്‍ ആവേശത്തോടെ എത്തിയതോടെ കൂടുതല്‍ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് സംഘടന.

click me!