
റിയാദ്: കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ബൈജു പുളിക്കൽ (41) സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ജിസാന് സമീപം ബെയിഷ് ജനറൽ ആശുപത്രിയിൽ മരിച്ചു. മലപ്പുറം പറപ്പൂർ ചീനിപ്പടി ഇരിങ്ങല്ലൂർ പുളിക്കൽ വീട്ടിൽ അറുമുഖന്റെയും തങ്കയുടെയും മകനാണ്. 15 വർഷമായി ജിസാൻ ബെയിഷിലെ ഫോർ സീസൺ മെയിൻറനൻസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു ബൈജു. കഴിഞ്ഞയാഴ്ച കരൾ രോഗം കഠിനമായതിനെത്തുടർന്ന് ജിസാനിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആരോഗ്യനില വഷളായതോടെ ബെയിഷ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശനിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ മൂന്ന് വർഷമായി ഇദ്ദേഹം നാട്ടിൽ പോയിരുന്നില്ല. ഇതിനിടെ ഭാര്യയും മകനും സന്ദർശക വിസയിലെത്തി ഒരു വർഷത്തോളം ബൈജുവിനോടൊപ്പം ബെയിഷിൽ താമസിച്ചിരുന്നു. ബൈജുവിന്‍റെ ജ്യേഷ്ഠൻ ലൈജു, സഹോദരി ഭർത്താവ് ദേവാനന്ദൻ, ഭാര്യാ സഹോദരൻ രഞ്ജിത്ത് എന്നിവരും അടുത്ത ബന്ധുക്കളും ബെയിഷിൽ ജോലി ചെയ്യുന്നുണ്ട്. ഭാര്യ: രഞ്ജിക, മകൻ: അനഞ്ജയ് (നാലാം ക്ലാസ് വിദ്യാർഥി). നിലവിൽ ബെയിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ജിസാൻ പ്രവാസി കൂട്ടായ്മ (ജല) ഭാരവാഹികളായ ഹനീഫ മൂന്നിയൂർ, സലാം കൂട്ടായി, ഫൈസൽ മേലാറ്റൂർ, മാഹിൻ കൊല്ലം എന്നിവരുടെ സഹായത്തോടെ ബന്ധുക്കളാണ് നിയമനടപടികൾക്ക് നേതൃത്വം നൽകുന്നത്. ബൈജുവിെൻറ നിര്യാണത്തിൽ ജിസാനിലെ വിവിധ പ്രവാസി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam