
ദുബായ്: മലയാളി യുവാവിനെ ദുബായില്‍ സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജുമൈറ കോളേജിലെ അഡ്മിനിസ്ട്രേഷന്‍ സ്റ്റാഫ് അംഗമായിരുന്ന ഷിബിന്‍ തോമസ് (32)ആണ് മരിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സ്കൂളിലെ സ്റ്റേഷനറി സ്റ്റോക് റൂമിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 8.30ഓടെ സ്കൂളിലെ മറ്റൊരു ജീവനക്കാരനാണ് ജനലിലൂടെ മൃതദേഹം കണ്ടത്. ഉടന്‍ അധികൃതരെ വിവരമറിയിച്ചു. വാതില്‍ പൊളിച്ചാണ് അധികൃതര്‍ അകത്ത് കടന്നത്. തുടര്‍ന്ന് സ്കൂളിന് അവധി നല്‍കി കുട്ടികളെ വീട്ടിലേക്ക് അയക്കുകയും ദുബായ് പൊലീസ് അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. രാവിലെ 7.45ന് മറ്റ് ജീവനക്കാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ഷിബിന്‍ തോമസിന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഒന്‍പത് മണിയോടെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഷിബിനെ തനിക്ക് ഏഴ് മാസത്തിലധികമായി പരിചയമുണ്ടെന്നും മാനസിക സമ്മര്‍ദമോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി തോന്നിയിട്ടില്ലെന്നും ഒപ്പം ജോലി ചെയ്യുന്ന സുഹൃത്ത് പറഞ്ഞു. ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളൊന്നും ഉള്ളതായി അറിയില്ലെന്നും പൊലീസ് അന്വേഷണം പൂര്‍ത്തിയാവട്ടെയെന്നുമാണ് ബന്ധു സിജോ മാധ്യമങ്ങളോട് പറഞ്ഞത്. സ്കൂളില്‍ സിസിടിവി ക്യാമറകളുണ്ടെന്നും പൊലീസ് അന്വേഷിച്ച് സത്യം കണ്ടെത്താന്‍ ബന്ധുക്കള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ട ഷിബിന്റെ ഭാര്യയും ഇപ്പോള്‍ സന്ദര്‍ശക വിസയില്‍ ദുബായിലുണ്ട്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.
-കടപ്പാട്: ഖലീജ് ടൈംസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam