
അജ്‍മാന്‍: യുഎഇയിലെ പൊരിവെയിലത്ത് റോഡരികില്‍ വിശ്രമിക്കാന്‍ ഭാര്യയ്‍ക്കും മക്കള്‍ക്കും പൊലീസ് വാഹനത്തില്‍ ഇടം നല്‍കിയതിന് നന്ദി പറഞ്ഞുകൊണ്ട് പ്രവാസി മലയാളി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത വീഡിയോ വൈറലായി. അജ്‍മാന്‍ പൊലീസ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെ വീഡിയോ പങ്കുവെച്ചതോടെ നിരവധിപ്പേരാണ് പൊലീസിന്റെ പ്രവൃത്തിയെ പ്രശംസിച്ചത്. അജ്‍മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയും ഈ വീഡിയോ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്‍ത് പൊലീസിന് നന്ദി അറിയിച്ചു.
സ്‍കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തുന്നതിനാണ് വീഡിയോ പോസ്റ്റ് ചെയ്‍ത മലയാളി ഭാര്യയോടൊപ്പം ഏറെ നേരം കാത്തിരുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആരെയും അകത്തേക്ക് കടത്തിവിടുന്നില്ലെന്നും അതുകൊണ്ട് പുറത്ത് കാത്തിരിക്കുകയാണെന്നും അദ്ദേഹം മലയാളത്തില്‍ വിവരിക്കുന്നു. കുടുംബം വെയിലത്ത് നില്‍ക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്ന അജ്‍മാന്‍ പൊലീസ് സംഘം ഇവരോട് പട്രോള്‍ വാഹനത്തിനുള്ളില്‍ വിശ്രമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശീതീകരിച്ച വാഹനത്തിനുള്ളില്‍ കുട്ടികള്‍ വിശ്രമിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി നിന്നു.
ഭാര്യുയും മക്കളും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മലയാളി, അറബിയില്‍ നന്ദി പറയുകയും ചെയ്യുന്നു. ഉദ്യോഗസ്ഥരാവട്ടെ കുട്ടികള്‍ക്ക് റ്റാറ്റ പറഞ്ഞ് യാത്രയാക്കി. ഇവിടുത്തെ പൊലീസ് ഇങ്ങനെയാണെന്നാണ് വീഡിയോയില്‍ മലയാളിയുടെ കമന്റ്. യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ചിരിക്കെ, കുട്ടികള്‍ക്ക് നെഗറ്റീവ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam