
മുക്കം: ഒമാനിലേക്ക് സ്ത്രീകളെ കടത്തുന്നത് മലയാളികൾ ഉൾപ്പെടുന്ന റാക്കറ്റ്. സംഘത്തിൽ സ്ത്രീകളും പ്രവര്‍ത്തിക്കുന്നെന്ന് റിപ്പോര്‍ട്ട്. സന്ദർശക വിസയുടെ പകർപ്പെടുത്ത് വ്യാജ വിസയും നിർമ്മിക്കുന്നുവെന്ന് കണ്ടെത്തി. വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരും സംഘത്തിന് പിന്തുണ നല്‍കുന്നെന്ന് റിപ്പോര്‍ട്ട്.
കേരളത്തില്‍ സ്ത്രീകളെ കണ്ടെത്തുന്നത് മുതല്‍ ഒമാനിലെ കേന്ദ്രത്തില്‍ എത്തിക്കുന്നത് വരെ നീളുന്ന മലയാളി റാക്കറ്റുകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എമിഗ്രേഷന്‍ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനായി വ്യാജ വിസ കോപ്പി വരെ സംഘം ഉണ്ടാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായി.
പാവപ്പെട്ടവര്‍, ഭര്‍ത്താവ് മരിച്ചവര്‍ തുടങ്ങിയ സ്ത്രീകളെയാണ് വലയിലാക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തി സംഘത്തിന് വിവരം നല്‍കാന്‍ കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം സ്ത്രീകള്‍ അടക്കമുള്ള നിരവധി പേരുണ്ട്. ആളെ കണ്ടെത്തിക്കഴിഞ്ഞാല്‍ മികച്ച ശമ്പളവും ആനുകൂല്യങ്ങളും അടക്കമുള്ള മോഹന വാഗ്ദാനം നല്‍കിയാണ് കെണിയില്‍ പെടുത്തുന്നത്. യാത്ര ചെയ്യുന്നവര്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ കാണിക്കാന്‍ വ്യാജ വിസയാണ് നല്‍കുന്നത്. എന്നാല്‍ ഒമാനിലെ വിമാനത്താവളത്തില്‍ ഇത് പിടിക്കപ്പെടും എന്നതിനാല്‍ ഒപ്പം തന്നെ വിസിറ്റ് വിസാ രേഖകളും നല്‍കും.
സന്ദര്‍ശക വിസയുടെ പകര്‍പ്പെടുത്ത് തിരുത്തല്‍ വരുത്തിയാണ് വ്യാജ തൊഴില്‍ വിസ സംഘം തയ്യാറാക്കുന്നത്. ഒമാനില്‍ എത്തുമ്പോള്‍ മാത്രമായിരിക്കും സന്ദര്‍ശക വിസയിലാണെന്നും ചതിക്കപ്പെട്ടിരിക്കുകയാണെന്നും സ്ത്രീകള്‍ക്ക് മനസിലാക്കുക. മിക്ക സ്ത്രീകളും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കമായതിനാല്‍ തട്ടിപ്പ് തിരിച്ചറിയുക എളുപ്പമല്ല.
ചവിട്ടിക്കയറ്റല്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ സ്ത്രീകടത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് നെടുമ്പാശേരി വിമാനത്താവളം വഴിയാണ്. മുംബൈ, ദില്ലി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ വിമാനത്താവങ്ങള്‍ വഴിയും സ്ത്രീകളെ ഇത്തരത്തില്‍ കടത്തുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കൂടി പങ്കുള്ള വലിയ ശൃംഖല തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam