ഭീകരപ്രവർത്തനങ്ങൾ നടത്തിയ മൂന്ന് സ്വദേശികളെ സൗദിയിൽ വധശിക്ഷക്ക് വിധേയമാക്കി. സുരക്ഷാ ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെ പ്രതികൾ വെടിയുതിർക്കുകയും സുരക്ഷാ കാര്യാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തു എന്നതാണ് പ്രധാന കുറ്റകൃത്യങ്ങൾ.
റിയാദ്: സൗദി അറേബ്യയിൽ സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസ് ആസ്ഥാനങ്ങളെയും ലക്ഷ്യമിട്ട് ഭീകരപ്രവർത്തനങ്ങൾ നടത്തിയ മൂന്ന് സ്വദേശികളെ വധശിക്ഷക്ക് വിധേയമാക്കി. കിഴക്കൻ പ്രവിശ്യയിൽ ഇന്ന് (ബുധനാഴ്ച) ശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ഹുസൈൻ അൽ അബു അബ്ദുല്ല, മൂസ ബിൻ ജാഫർ ബിൻ അബ്ദുല്ല അൽ സഖ്‌മാൻ, റിദ ബിൻ അലി ബിൻ മഹ്ദി അൽ അമ്മാർ എന്നീ പ്രതികളുടെ ശിക്ഷയാണ് നടപ്പാക്കിയത്.
സുരക്ഷാ ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെ പ്രതികൾ വെടിയുതിർക്കുകയും സുരക്ഷാ കാര്യാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്തു എന്നതാണ് പ്രധാന കുറ്റകൃത്യങ്ങൾ. കൂടാതെ ഭീകരപ്രവർത്തനങ്ങൾക്കായി സ്‌ഫോടകവസ്തുക്കൾ നിർമിക്കുകയും ആയുധങ്ങൾ കൈവശം വെക്കുകയും ചെയ്തു. രാജ്യത്തിെൻറ സുരക്ഷ തകർക്കാൻ ശ്രമിക്കുന്ന വിദേശ ഭീകര സംഘടനയിൽ അംഗങ്ങളായി.
പ്രതികളെ സുരക്ഷാ വിഭാഗം പിടികൂടുകയും അന്വേഷണത്തിൽ ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് തീവ്രവാദ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും സുപ്രീം കോടതിയും ഈ വിധി ശരിവെച്ചതിനെത്തുടർന്ന് രാജകൽപ്പന പ്രകാരം ശിക്ഷ നടപ്പാക്കുകയായിരുന്നു. രാജ്യത്തിെൻറ സുരക്ഷയും സമാധാനവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നിരപരാധികളുടെ ജീവന് ഭീഷണിയുയർത്തുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. ഇസ്ലാമിക നിയമങ്ങൾ കർശനമായി നടപ്പാക്കി നീതി ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.


