കൊച്ചിയിൽ നിന്ന് വിമാനം പറന്നുയർന്ന് 20 മിനിറ്റ്, അറബിക്കടലിന് മുകളിലൂടെ സഞ്ചരിക്കവേ 34കാരന് ഹൃദയാഘാതം, രക്ഷകരായി മലയാളി നഴ്സുമാർ

Published : Oct 29, 2025, 12:36 PM ISTUpdated : Oct 29, 2025, 12:46 PM IST
malayali nurses

Synopsis

അറബിക്കടലിന് മുകളിലൂടെ സഞ്ചരിക്കവേ 34കാരന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന നഴ്സുമാരായ വയനാട് സ്വദേശി അഭിജിത്ത് ജീസ്, ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസൺ എന്നിവരാണ് സിപിആർ ഉൾപ്പടെ നൽകി ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. 

അബുദാബി: യുഎഇയിലേക്കുള്ള വിമാന യാത്രക്കിടെ ഹൃദയാഘാതമുണ്ടായ തൃശൂർ സ്വദേശിക്ക് രക്ഷകരായി മലയാളി നഴ്സുമാർ. അബുദാബിയിലേക്കുള്ള യാത്രക്കിടെയാണ് 34കാരന് ഹൃദയാഘാതമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന നഴ്സുമാരായ വയനാട് സ്വദേശി അഭിജിത്ത് ജീസ് (26), ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസൺ (29) എന്നിവരാണ് സിപിആർ ഉൾപ്പടെ നൽകി യാത്രക്കാരന്‍റെ ജീവൻ രക്ഷിച്ചത്.

ഒക്ടോബർ 13-ന് കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ 3L 128 വിമാനത്തിലേറിയ യുവ നേഴ്സുമാരായ വയനാട്ടുകാരൻ അഭിജിത്ത് ജീസിന്റെയും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസൻറെയും മനസ്സ് നിറയെ യുഎഇയിലെ പുതിയ തുടക്കത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളുമായിരുന്നു. ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര വിമാനയാത്ര. യുഎഇ യിലെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങിന്റെ ഭാഗമായ  റെസ്പോൺസ് പ്ലസ് മെഡിക്കലിൽ (ആർപിഎം) രജിസ്റ്റേർഡ് നേഴ്സായി ജോലി തുടങ്ങാനുള്ള യാത്ര. എന്നാൽ, ആദ്യ യാത്ര തന്നെ അഭിമാന യാത്രയായ കഥയാണ് ഇരുവർക്കും പറയാനുള്ളത്. പ്രമുഖ ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ബോർഡ് മെമ്പറുമായ റെസ്പോൺസ് പ്ലസ് ഹോൾഡിങ്  യുഎഇയിലെ ഏറ്റവും വലിയ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവനദാതാവാണ്.

35,000 അടി ഉയരത്തിലൊരു മെഡിക്കൽ എമർജൻസി

പുലർച്ചെ 5:30 നായിരുന്നു ഫ്ലൈറ്റ്. വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുമ്പോൾ, ഏകദേശം 5:50 ആയപ്പോൾ, അടുത്തുള്ള സീറ്റിൽ ആരോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായി തോന്നിയാണ് അഭിജിത്ത് തിരിഞ്ഞു നോക്കിയത്. "ഒരു മനുഷ്യൻ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പൾസ് നോക്കി കിട്ടാതെ വന്നപ്പോൾ തന്നെ മനസിലായി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന്," അഭിജിത്ത് പറയുന്നു.

മുപ്പത്തിനാലുകാരനായ തൃശൂർ സ്വദേശിക്കാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാന ജീവനക്കാരെ അറിയിച്ചതോടൊപ്പം ഒട്ടും സമയം പാഴാക്കാതെ രോഗിക്ക് അഭിജിത്ത് സിപിആർ നൽകാൻ തുടങ്ങി. സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സിപിആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ച് കിട്ടി. ശ്വാസമെടുക്കാനും തുടങ്ങി. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി, വിമാനം അബുദാബിയിൽ സുരക്ഷിതമായി ഇറങ്ങുന്നത് വരെ അദ്ദേഹത്തിന്റെ അവസ്ഥ വഷളാകാതിരിക്കാൻ ശ്രമിച്ചു.

"ഞങ്ങളുടെ ആദ്യത്തെ വിദേശ യാത്രയായിരുന്നു. പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് വലിയൊരനുഗ്രഹമായി തോന്നി," അജീഷ് പറയുന്നു.  എയർപോർട്ടിലെ ചികിത്സക്ക് ശേഷം അടിയന്തരനില തരണം ചെയ്ത രോഗിയുടെ കുടുംബവും  ഇരുവരോടും നന്ദി പറഞ്ഞു.

ആർപിഎമ്മിന്റെ ആദരം

ആർപിഎമ്മിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് ഇന്ത്യയിൽ സ്റ്റാഫ് നേഴ്സുമാരായിരുന്നു  അഭിജിത്തും അജീഷും. വിമാനത്തിൽ നടന്ന കാര്യങ്ങൾ ഇരുവരും അധികമാരോടും പറഞ്ഞിരുന്നില്ല. വിമാനത്തിൽ യാത്ര ചെയ്തിരുന്ന ആർപിഎമ്മിലെ മറ്റൊരു ജീവനക്കാരനായ ബ്രിൻറ് ആന്റോയാണ്   ഇരുവരുടെയും സമയോചിതമായ പ്രവൃത്തി ആർപിഎം സഹപ്രവർത്തകരോട് പറയുന്നത്.   ധൈര്യവും ശാന്തതയും കൈവിടാതെ അഭിജിത്തും അജീഷും ചെയ്ത ഈ പ്രവൃത്തിയെ റെസ്പോൺസ് പ്ലസ് ഹോൾഡിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. രോഹിൽ രാഘവൻ പ്രശംസിച്ചു. ഇരുവരുടെയും ധൈര്യത്തിനും സമചിത്തതക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകി മാനേജ്‌മെന്റ്  ആദരിച്ചു.

ഹൃദയാഘാതം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ സമയം എത്ര നിർണായകം ആണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ഓരോ സെക്കൻഡും പ്രധാനമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാവേണ്ട സന്നദ്ധതയുടെ പ്രാധാന്യമാണ് ഇരുവരും കാണിച്ച് തന്നത്, ആർപിഎം പ്രോജക്ട്സിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് അലി പറഞ്ഞു.

“അബുദാബിയിലേക്ക് പോരുമ്പോൾ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ, ഈ അനുഭവത്തിലൂടെ ഞങ്ങളുടെ   ജോലിയുടെ വില മനസിലാക്കാൻ സാധിച്ചു. ആ ദിവസം ഞങ്ങളുടെ മനസ്സിൽ മായാതെ നിൽക്കും," ഇരുവരും പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ