
ഷിക്കാഗോ: അമേരിക്കയിലെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പൊലീസ് മേധാവിയായി, മലയാളിയായ മൈക്കല്‍ കുരുവിള. ആദ്യമായാണ് ഒരു മലയാളി അമേരിക്കയിലെ ഒരു നഗരത്തിന്റെ പൊലീസ് മേധാവിയാവുന്നത്.
കഴിഞ്ഞ 15 വര്‍ഷത്തെ സ്‍തുത്യര്‍ഹമായ സേവനത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്കല്‍ കുരുവിളയെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. സോഷ്യല്‍വര്‍ക്കിലെ പഠനവും പ്രവര്‍ത്തന പരിചയവും പുതിയ പൊലീസ് മേധാവിക്ക് തുണയായി. 38കാരനായ ഇദ്ദേഹം കഴിഞ്ഞ രണ്ട് വര്‍ഷമായി ഡെപ്യൂട്ടി പൊലീസ് ചീഫായിരുന്നു. ഇക്കഴിഞ്ഞ ദിവസം ചുമതലയേറ്റ മൈക്കല്‍ കുരുവിള, പൊതുജനത്തെ സംരക്ഷിക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഷിക്കാഗോയിലാണ് ജനിച്ചതെങ്കിലും മലയാളി പശ്ചാത്തലത്തില്‍ തന്നെയാണ് അദ്ദേഹം വളര്‍ന്നത്. കോട്ടയം സ്വദേശികളാണ് മാതാപിതാക്കള്‍. ഭാര്യ സിബിലും മലയാളി തന്നെ. നാല്‍പത് വയസില്‍ താഴെയുള്ളവര്‍ക്കുള്ള 'പൊലീസ് അണ്ടര്‍ 40' അവര്‍ഡ് ജേതാക്കളിലൊരാളായി ഇന്റനാഷണല്‍ അസോസിയേഷന്‍ ഓഫ് പൊലീസ് ചീഫ്‍സ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.
ന്യൂയോര്‍ക്ക് പോലുള്ള വന്‍നഗരങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കിലും ഇതാദ്യമായാണ് അമേരിക്കയിലെ ഒരു നഗരത്തിന്റെ പൊലീസ് തലപ്പത്ത് മലയാളി സാന്നിദ്ധ്യം ഉണ്ടാവുന്നത്. പുതിയ പൊലീസ് മേധാവി മാതൃകാപരമായ പ്രവര്‍ത്തനം നടത്തുമെന്നാണ് സഹപ്രവര്‍ത്തകരുടെയും ഉറച്ച വിശ്വാസം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam