
അബുദാബി: യുഎഇയിലെ സ്വകാര്യ തൊഴില്‍ മേഖലയിലെ ഏറ്റവും വലിയ അംഗീകാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം സ്വന്തമാക്കി മലയാളി. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മലയാളി പ്രൊഫഷണലായ അനസ് കാതിയാരകം ആണ് അവാർഡ് നേടിയത്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയാണ് അനസ് കാതിയാരകം.
16 വർഷത്തെ പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്ന് കോഴിക്കോട് സ്വദേശിയായ അനസ് പറയുന്നു. അബുദാബിയിലെ എൽഎൽഎച്ച് ഹോസ്പിറ്റലിലെ ഹ്യൂമൻ റിസോഴ്‌സ് മാനേജരാണ് അനസ്. വിദഗ്ധ തൊഴിലാളികളുടെ ഉപവിഭാഗത്തിൽ 'മാനേജ്‌മെന്‍റ് ആൻഡ് എക്സിക്യൂട്ടീവ്‌സ്' വിഭാഗത്തിലെ ബഹുമതിയാണ് ഇദ്ദേഹം സ്വന്തമാക്കിയത്. എമ്സ്റ്റീലിലെ സൈബർ സുരക്ഷാ മേധാവി അബ്ദുള്ള അൽബ്രിക്കിയും ഇതേ വിഭാഗത്തിൽ പുരസ്‌കാരം പങ്കിട്ടു.
യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഥിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് വിജയികളെ ആദരിച്ചത്. ഒരു ലക്ഷം ദിർഹം (ഏകദേശം 24 ലക്ഷം രൂപ) കാഷ് അവാർഡ്, സ്വർണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാർഡ്, പ്രത്യേക ഇൻഷുറൻസ് കാർഡ് എന്നിവയാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.
യുഎഇയുടെ തൊഴിൽ വിപണിയിലും സമൂഹത്തിലും മികച്ച സംഭാവന നൽകിയവരെ ആദരിക്കുന്ന 'മികച്ച തൊഴിൽശക്തി' വിഭാഗത്തിൽ വിദഗ്ധ തൊഴിലാളികൾ, മറ്റ് പ്രൊഫഷണൽ തലങ്ങളിലുള്ള തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളിലായാണ് വിജയികളെ തെരഞ്ഞെടുത്തത്. 2009ൽ അബുദാബിയിലെത്തിയ അനസ്, എൽഎൽഎച്ച് ഡേ കെയർ സെന്‍ററിൽ എച്ച്ആർ എക്‌സിക്യൂട്ടീവായിട്ടാണ് തന്‍റെ കരിയർ ആരംഭിച്ചത്. പിന്നീട് സീനിയർ എച്ച്ആർ എക്‌സിക്യൂട്ടീവ്, അസിസ്റ്റന്‍റ് മാനേജർ, മുസഫ റീജിയൺ മാനേജർ, ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ ആശുപത്രികൾക്കും അന്താരാഷ്ട്ര പ്രോജക്റ്റുകൾക്കും മേൽനോട്ടം വഹിക്കുന്ന റീജിയണൽ എച്ച്ആർ മാനേജർ എന്നീ നിലകളിലേക്ക് അദ്ദേഹം ഉയർന്നു.
തന്‍റെ വളർച്ച രാജ്യം മുഴുവനായി അംഗീകരിച്ചതിന് തുല്യമാണിത്. യുഎഇയുടെ സ്വകാര്യ മേഖല, പ്രത്യേകിച്ച് ആരോഗ്യരംഗം, പഠിക്കാനുള്ള ഏറ്റവും ചലനാത്മകമായ ഇടമാണ്. ഓരോ ദിവസവും പുതിയ വെല്ലുവിളികളും തൊഴിലാളികളെ സഹായിക്കാനുള്ള അവസരങ്ങളും ലഭിക്കുന്നു- അനസ് 'ഗൾഫ് ന്യൂസി'നോട് പറഞ്ഞു. 'എന്‍റെ ഗ്രൂപ്പിനൊപ്പം വളരാൻ എനിക്ക് അവസരം ലഭിച്ചു. എന്നിൽ അർപ്പിച്ച വിശ്വാസത്തിനും ഉത്തരവാദിത്തങ്ങൾക്കും ചെയർമാൻ ഡോ. ഷംഷീർ വയലിലിനും മാനേജ്മെന്‍റിനും പ്രത്യേക നന്ദി'- അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് 19 കാലത്ത് ബുർജീൽ ഹോൾഡിങ്‌സ് കൈകാര്യം ചെയ്ത മഫ്‌റഖ് കൊവിഡ് ആശുപത്രിയുടെ എച്ച്ആർ ഓപറേഷൻസ് ചുമതല വിജയകരമായി നിർവഹിച്ചതിന് ‘ഹീറോസ് ഓഫ് ദി യുഎഇ’ മെഡലും ഗോൾഡൻ വീസയും അനസിന് ലഭിച്ചിരുന്നു. നിലവിൽ ബുർജീലിന്റെ രാജ്യാന്തര പദ്ധതികളുടെ എച്ച്ആർ ചുമതലയും അനസിനാണ്. ആരോഗ്യ മേഖലയിലെ ദീർഘകാല പ്രവർത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴിൽ മേഖല ശക്തിപ്പെടുത്തിയതിനുള്ള ആദരവ് കൂടിയാണ് ഈ പുരസ്‌കാരം. ഖദീജ ജിഷ് നിയാണ് അനസിന്റെ ഭാര്യ. ഹൈറിൻ, ഹായ്‌സ്, ഹൈസ എന്നിവർ മക്കളാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ