നിനച്ചിരിക്കാതെ തൊട്ടുമുമ്പിൽ ദുബൈ ഭരണാധികാരി, മകൾക്ക് ‘ഹൈ ഫൈവ്’, സ്വപ്ന സാക്ഷാത്കാരത്തിൽ മലയാളി കുടുംബം

Published : Jan 08, 2026, 03:56 PM IST
videograb

Synopsis

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിനെ തൊട്ടടുത്ത് കണ്ടതിന്‍റെ സന്തോഷത്തിലാണ് ദുബൈയിലെ ഒരു മലയാളി കുടുംബം. തങ്ങളുടെ ഏഴ് വയസ്സുകാരി മകൾക്ക് അദ്ദേഹം 'ഹൈ-ഫൈവ്' നൽകിയതോടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്തൊരു നിമിഷമായി അത് മാറി.

ദുബൈ: ഒരു സാധാരണ വാരാന്ത്യ ദിവസത്തെ വൈകുന്നേരം ചെലവഴിക്കാനിറങ്ങിയ ദുബൈയിലെ ഒരു മലയാളി കുടുംബത്തിന് കിട്ടിയത് ജീവിതത്തിൽ മറക്കാനാകാത്ത അസുലഭ നിമിഷം. നാദ് അൽ ഷെബയിലെ 'ദ സ്ക്വയറിൽ' വെച്ച് ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ അപ്രതീക്ഷിതമായി നേരിൽ കണ്ടതിന്‍റെയും തങ്ങളുടെ ഏഴ് വയസ്സുകാരി മകൾക്ക് അദ്ദേഹം 'ഹൈ-ഫൈവ്' നൽകിയതിന്‍റെയും ആവേശത്തിലാണ് ഫാത്തിമ സെലിനും കുടുംബവും.

ശനിയാഴ്ച വൈകുന്നേരം കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനാണ് ഫാത്തിമ സെലിനും ഭർത്താവ് മുഹമ്മദ് അജിലും മക്കളായ ഇനായ അറൂഷ് (7 വയസ്സ്), ഇവാൻ ഹംദ് (2 വയസ്സ്) എന്നിവർക്കൊപ്പം ദ സ്ക്വയറിൽ എത്തിയത്. അവിടെ എത്തിയതിന് പിന്നാലെ ആളുകൾ ഒരിടത്തേക്ക് ഓടുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. 'ശൈഖ് മുഹമ്മദ് എത്തിയതാകാം' എന്ന് ഭർത്താവ് തമാശയായി പറഞ്ഞപ്പോൾ, ഇത്രയും ചെറിയ സുരക്ഷാ സന്നാഹങ്ങളോടെ ഭരണാധികാരി വരുമെന്ന് താൻ കരുതിയില്ലെന്ന് സെലിൻ പറയുന്നു. എന്നാൽ കൗതുകം കൊണ്ട് അങ്ങോട്ട് ചെന്ന കുടുംബം കണ്ടത് തങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശൈഖ് മുഹമ്മദ് അവിടെ നടന്നു വരുന്നതാണ്.

ഇനായയുടെ 'ഹൈ-ഫൈവ്'

ശൈഖ് മുഹമ്മദ് നടന്നു വരുന്നതിനിടെ മുഹമ്മദ് അജിൽ തന്റെ ഫോണിൽ ഒരു സെൽഫി വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ ആ തിരക്കിനിടയിൽ മകൾക്ക് ലഭിച്ച അപൂർവ്വ ഭാഗ്യം അവർ അപ്പോൾ ശ്രദ്ധിച്ചില്ല. പിന്നീട് വീട്ടിലെത്തി വീഡിയോ വീണ്ടും കണ്ടപ്പോഴാണ് തങ്ങളുടെ മകൾ ഇനായ ശൈഖ് മുഹമ്മദിന് കൈകൊടുക്കുന്നതും അദ്ദേഹം തിരിച്ച് അവൾക്ക് 'ഹൈ-ഫൈവ്' നൽകുന്നതും ശ്രദ്ധയിൽപ്പെട്ടത്.

കുട്ടികളുടെ പ്ലേ ഏരിയയിൽ കളിച്ചുകൊണ്ടിരുന്ന ഇനായയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വളരെ ലാഘവത്തോടെയാണ് അവൾ 'അതെ' എന്ന് മറുപടി നൽകിയത്. യുഎഇ സോഷ്യൽ സ്റ്റഡീസ് ക്ലാസുകളിൽ നിന്ന് ശൈഖ് മുഹമ്മദിനെക്കുറിച്ച് പഠിച്ചിട്ടുള്ളതിനാൽ ഇനായയ്ക്ക് അദ്ദേഹത്തെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചു.

'വാർത്തകളിൽ ഇത്തരം കഥകൾ വായിക്കാറുണ്ടെങ്കിലും നമുക്ക് നേരിട്ട് ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല'- സെലിൻ ഖലീജ് ടൈംസിനോട് പറഞ്ഞു. ദുബൈയിലെ ഏതൊരു താമസക്കാരന്റെയും ആഗ്രഹമാണ് ശൈഖ് മുഹമ്മദിനെ നേരിൽ കാണുക എന്നത്. ആ ഭാഗ്യം തങ്ങളുടെ കുടുംബത്തിന് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ മലയാളി കുടുംബം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

Emirates Draw EASY6 – പ്രചോദനം വിജയസാധ്യതയാക്കി; ഇന്ത്യക്കാരന് 25,000 ഡോളർ സമ്മാനം
ബിസിനസ്സിൽ കൊയ്ത്ത്, പണം മുടക്കാൻ പത്തിരട്ടി സംരംഭകർ, നിക്ഷേപ മേഖലയിൽ സൗദി അറേബ്യക്ക് നല്ല കാലം