മാലദ്വീപ് വളര്‍ച്ചയുടെ നവതരംഗം സൃഷ്ടിക്കുന്നുവെന്ന് പ്രസിഡന്റ് സോലിഹ്

Published : Oct 27, 2021, 01:01 PM ISTUpdated : Oct 27, 2021, 01:28 PM IST
മാലദ്വീപ് വളര്‍ച്ചയുടെ നവതരംഗം സൃഷ്ടിക്കുന്നുവെന്ന് പ്രസിഡന്റ് സോലിഹ്

Synopsis

എക്‌സ്‌പോ 2020: മാലദ്വീപ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം ശ്രദ്ധയാകര്‍ഷിച്ചു 

ദുബായ്: മഹാമാരിയുടെ പ്രഭാവത്തില്‍ നിന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശ്രദ്ധേയമായ വീണ്ടെടുപ്പ് നടത്തി വളര്‍ച്ചയുടെ നവതരംഗം സൃഷ്ടിക്കുകയാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് പറഞ്ഞു. എക്‌സ്‌പോ 2020 ദുബായിയുടെ 'മാല്‍ദീവ്‌സ് ഓണര്‍ ഡേ'യോടനുബന്ധിച്ച് നടന്ന മാലദ്വീപ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദേദഹം. സാമ്പത്തിക വികസന മന്ത്രി ഫയ്യാസ് ഇസ്‍മയില്‍, ടൂറിസം മന്ത്രി ഡോ. അബ്ദുല്ലമൗസൂം, ദേശീയ ആസൂത്രണ-ഭവന-അടിസ്ഥാന സൗകര്യ മന്ത്രി മുഹമ്മദ് അസ്‌ലം എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.

മാലദ്വീപിലെ വികസനത്തിന്റെ മുഖ്യ ഇടങ്ങളെ കുറിച്ച് എടുത്തു പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ നിക്ഷേപ കാലാവസ്ഥ വികസിപ്പിക്കാന്‍ തന്റെ ഭരണകൂടം നടത്തുന്ന ശക്തമായ നടപടികളും വിശദീകരിച്ചു. ടൂറിസ്റ്റ് റിസോര്‍ട്ട് വികസനത്തിനായുള്ള പുതിയ ദ്വീപുകള്‍ക്ക് ചടങ്ങില്‍ സമാരംഭം കുറിച്ചു. മാലദ്വീപിന്റെ പരിവര്‍ത്തന പ്രയാണത്തില്‍ ചേരാന്‍ പ്രസിഡന്റ് നിക്ഷേപകരെ ക്ഷണിച്ചു. 2030ഓടെ 'നെറ്റ് സീറോ എമിഷന്‍' നേടിയെടുക്കാനുള്ള മാലദ്വീപിന്റെ സുധീര നീക്കം ചൂണ്ടിക്കാട്ടിയ പ്രസിഡന്റ്, പുനഃരുപയോഗ ഊര്‍ജ സംവിധാനങ്ങള്‍ക്ക് പരിഗണന നല്‍കി കുറഞ്ഞ കാര്‍ബണ്‍ നില കൈവരിക്കാനുള്ള തന്റെ ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഊന്നിപ്പറയുകയും ചെയ്തു.

മാലദ്വീപിന്റെ ആകര്‍ഷണീയ സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് പ്രതിപാദിച്ച സാമ്പത്തിക വികസന മന്ത്രി ഫയ്യാസ് ഇസ്മായില്‍, ബിസിനസും വാണിജ്യവും കൂടുതല്‍ പ്രബലമാവാന്‍ രാജ്യത്തിന്റെ ഉദാര നയങ്ങളും നിയമാനുസൃത പരിസ്ഥിതിയും സഹായിച്ചുവെന്ന് വ്യക്തമാക്കി.  ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ വികസനം, മാലിയിലേക്ക് പ്രധാന വാണിജ്യ തുറമുഖം പുനഃസ്ഥാപിച്ചത് എന്നിവയടക്കമുള്ള മുഖ്യ വികസന പദ്ധതികളില്‍ ചിലതിനെക്കുറിച്ച് മന്ത്രി സൂചിപ്പിച്ചു. വികസിച്ചു കൊണ്ടിരിക്കുന്ന വ്യാപാരവും വിനോദ സഞ്ചാരവും ബിസിനസിലും വാണിജ്യ പ്രവര്‍ത്തനങ്ങളിലുമുള്ള ദ്രുത വളര്‍ച്ചയും ശക്തിപ്പെടുത്താന്‍ ഇവ സഹായിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. 

സാമ്പത്തിക വികേന്ദ്രീകരണവും വൈവിധ്യവത്കരണവും നേടിയെടുക്കുന്നതിന് ഭരണകൂടത്തിനുള്ള തന്ത്രപ്രധാന വികസന പരിഗണനകളെ കുറിച്ചും, മാലദ്വീപില്‍ ഇതാദ്യമായി സ്വകാര്യ ദ്വീപുകളില്‍ സവിശേഷ നിക്ഷേപാവസരങ്ങളും ടൂറിസം റിയല്‍ എസ്‌റ്റേറ്റും കൊണ്ടുവരാനുള്ള സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ചും മന്ത്രി ഫയ്യാസ് വാചാലനായി. 

മാലദ്വീപിന് പ്രകൃതി കനിഞ്ഞേകിയ പ്രത്യേക സ്വഭാവ സവിശേഷതകള്‍ അനുപമവും അന്യാദൃശവുമാണ്. നിലവിലെ വികസന പദ്ധതികളുടെ ദിശയെ കുറിച്ച് സവിസ്തരം വിശദീകരിച്ച മന്ത്രി, എന്നാല്‍ മാലദ്വീപിന്റെ ഉദാത്തമായ സൗന്ദര്യത്തിന് കോട്ടംതട്ടാതെയും പരിസ്ഥിതിയെ സംരക്ഷിച്ചും കൊണ്ടുള്ളതുമായിരിക്കും അതെന്നും കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശകര്‍ക്ക് വൈവിധ്യത്തിന്റെ സമ്പുഷ്ട വിശാല അനുഭവതലം സമ്മാനിക്കുമ്പോള്‍ തന്നെ, രാജ്യത്തിന്റെ മഹത്തായ സംസ്‌കാരവും പൈതൃകവും ഉള്ളടങ്ങിയതു കൂടിയാണ് അതെന്നതും അടിവരയിടുന്നു. കോര്‍പറേറ്റ് സമ്മേളനങ്ങളുടെ ഇഷ്ട ഇടമായി മാലദ്വീപിനെ മാറ്റാനുള്ള തന്റെ രാഷ്ട്രത്തിന്റെ അഭിലാഷം പ്രകടിപ്പിച്ച മന്ത്രി, ക്രൂസ് ടൂറിസം, വെല്‍നസ് ടൂറിസം, നോട്ടിക്കല്‍ ടൂറിസം എന്നിവക്ക് അളവറ്റ അവസരങ്ങളാണുള്ളതെന്നും അവകാശപ്പെട്ടു.

രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് മാലദ്വീപ് നിക്ഷേപക ഫോറം സംഘടിപ്പിച്ചത്. രാജ്യാന്തര നിക്ഷേപക സമൂഹത്തിന് ആകര്‍ഷക ഇടമാണ് മാലദ്വീപെന്ന് സ്ഥാപിക്കാന്‍ പറ്റിയ അവസരം കൂടിയായി മാറി ഈ പരിപാടി. യുഎഇയിലെയും മാലദ്വീപിലെയും ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളും സ്വകാര്യ മേഖലാ പങ്കാളികളും ഫോറത്തില്‍ സന്നിഹിതരായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ