സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ഭീഷണി; യുഎഇയില്‍ യുവാവ് അറസ്റ്റില്‍

By Web TeamFirst Published Nov 24, 2020, 9:08 PM IST
Highlights

സ്വന്തം വ്യക്തിവിവരങ്ങള്‍ മറച്ചുവെച്ചായിരുന്നു ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുറന്നത്. ചാറ്റ് ചെയ്യുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന ആപ്പുകളിലടക്കം വിദേശത്തുള്ള ഫോണ്‍ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. 

ഉമ്മുല്‍ഖുവൈന്‍: സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയതിനും ബ്ലാക് മെയില്‍ ചെയ്‍തതിനും യുവാവ് അറസ്റ്റില്‍. ഉമ്മുല്‍ഖുവൈന്‍ പൊലീസാണ് ഇയാളുടെ താമസ സ്ഥലത്തുനിന്ന് കൈയോടെ പിടികൂടിയത്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. 

സ്വന്തം വ്യക്തിവിവരങ്ങള്‍ മറച്ചുവെച്ചായിരുന്നു ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുറന്നത്. ചാറ്റ് ചെയ്യുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന ആപ്പുകളിലടക്കം വിദേശത്തുള്ള ഫോണ്‍ നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്. ഓണ്‍ലൈന്‍ ഭീഷണികളും ബ്ലാക്ക് മെയിലിങ് സന്ദേശങ്ങളും ലഭിച്ച ചിലര്‍ പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി, താമസ സ്ഥലത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറി.

ഓണ്‍ലൈനിലൂടെ അപരിചിതരുമായി ബന്ധപ്പെടുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംശയകരമായ സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുത്. ഇത്തരത്തില്‍ തട്ടിപ്പുനടത്തുന്നവരുടെ കെണിയില്‍ വീഴാതെ എത്രയും വേഗം പൊലീസില്‍ അറിയിക്കണം. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വഴി ഭീഷണിപ്പെടുത്തുന്നതിനും ബ്ലാക് മെയില്‍ ചെയ്യുന്നതിനും തടവും പിഴയും അടക്കമുള്ള കടുത്ത ശിക്ഷയാണ് യുഎഇയില്‍ ലഭിക്കുക.

click me!