ഉറങ്ങുന്ന സ്ഥലത്തെച്ചൊല്ലി തര്‍ക്കം; പ്രവാസി ഇന്ത്യക്കാരന്‍ സുഹൃത്തിനെ മര്‍ദ്ദിച്ചുകൊന്നു

By Web TeamFirst Published Nov 7, 2019, 10:59 PM IST
Highlights

അല്‍ഖൂസ് റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു മാളിന് പിന്നിലുള്ള യാര്‍ഡില്‍ രാവിലെ മൃതദേഹം കണ്ടെത്തിയവരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി സെക്യൂരിറ്റി ഗാര്‍ഡിനെ ചോദ്യം ചെയ്തെങ്കിലും രാവിലെ ഒരു കാറിന് സമീപം മൃതദേഹം കണ്ടതല്ലാതെ മറ്റ് വിവരങ്ങളൊന്നും അറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹം മൊഴി നല്‍കിയത്. 

ദുബായ്: ഉറങ്ങുന്ന സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിനെതിരെ യുഎഇയില്‍ വിചാരണ തുടങ്ങി. 31കാരനായ ഇന്ത്യക്കാരന്‍ സുഹൃത്തിനെ പലതവണ അടിക്കുകയും ചവിട്ടുകയും ചെയ്തതാണ് മരണത്തില്‍ കലാശിച്ചതെന്ന് പ്രോസിക്യൂഷന്‍ രേഖകളില്‍ പറയുന്നു. ഇരുവരും സംഭവ സമയത്ത് മദ്യലഹരിയിലുമായിരുന്നു.

അല്‍ഖൂസ് റെസിഡന്‍ഷ്യല്‍ ഏരിയയിലെ ഒരു മാളിന് പിന്നിലുള്ള യാര്‍ഡില്‍ രാവിലെ മൃതദേഹം കണ്ടെത്തിയവരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി സെക്യൂരിറ്റി ഗാര്‍ഡിനെ ചോദ്യം ചെയ്തെങ്കിലും രാവിലെ ഒരു കാറിന് സമീപം മൃതദേഹം കണ്ടതല്ലാതെ മറ്റ് വിവരങ്ങളൊന്നും അറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹം മൊഴി നല്‍കിയത്. സ്ഥലത്ത് സിസിടിവി ക്യാമറകളും ഉണ്ടായിരുന്നില്ല. ദൃക്സാക്ഷികളും ഉണ്ടായിരുന്നില്ല. അധികൃതര്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇന്ത്യക്കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.

മദ്യലഹരിയിലായിരുന്ന പ്രതി രാത്രി യാര്‍ഡില്‍ കിടന്നുറങ്ങുകയായിരുന്നു. ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ തൊട്ടടുത്ത് സുഹൃത്ത് കിടക്കുന്നതായി കണ്ടു. തന്റെ സ്ഥലത്ത് കിടക്കരുതെന്ന് നേരത്തെ പ്രതി സുഹൃത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കുപിതനായ ഇയാള്‍ നിരവധി തവണ ചവിട്ടുകയും അടിക്കുകയും ചെയ്തു. ശേഷം അവിടെ നിന്ന് എഴുന്നേറ്റ് മറ്റൊരു പിക്ക് അപ്പ് ട്രക്കിനുള്ളില്‍ കയറി കിടന്നുറങ്ങി. രാവിലെ എഴുനേറ്റപ്പോള്‍ മറ്റ് തൊഴിലാളികള്‍ കൂടി നില്‍ക്കുന്നത് കണ്ടാണ് അടുത്തേക്ക് ചെന്നത്. ഇവിടെ സുഹൃത്ത് അനക്കമറ്റ നിലയില്‍ കിടക്കുന്നുണ്ടായിരുന്നു. കൊല്ലപ്പെട്ടുവെന്ന് മനസിലായതോടെ പ്രതി സ്ഥലംവിടുകയായിരുന്നു.

ആയുധങ്ങളൊന്നും ഉപയോഗിക്കാതെ പ്രതി നിരവധി തവണ മര്‍ദിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. മര്‍ദിച്ചകാര്യം സമ്മതിച്ച പ്രതി എന്നാല്‍ സുഹൃത്തിനെ കൊല്ലാന്‍ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ മുഖത്തും വയറിലും പരിക്കുകളുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. നെഞ്ചിലും വാരിയെല്ലിലും പൊട്ടലുകളുമുണ്ടായിരുന്നു.മരണ സമയത്ത് ഇയാള്‍ മദ്യലഹരിയിലുമായിരുന്നു. ഈ കാരണങ്ങളെല്ലാം ചേര്‍ന്ന് ഹൃദയാഘാതത്തിന് കാരണമായെന്നും അത് മരണത്തില്‍ കലാശിച്ചുവെന്നുമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.

അറസ്റ്റിലായ പ്രതി സെപ്തംബര്‍ ഒന്നിന് സംഭവസ്ഥലത്തുവെച്ച് പൊലീസിനോട് നടന്ന കാര്യങ്ങള്‍ വിവരിച്ചു. പ്രതിക്ക് നവംബര്‍ 28ന് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിക്കും.

click me!