ഇന്ത്യന്‍ ആരാധകരെ കൂട്ടിലടച്ച സംഭവം; ഒരാളെ യുഎഇ അധികൃതര്‍ കസ്റ്റഡിയിലെടുത്തു

Published : Jan 11, 2019, 03:50 PM IST
ഇന്ത്യന്‍ ആരാധകരെ കൂട്ടിലടച്ച സംഭവം; ഒരാളെ യുഎഇ അധികൃതര്‍ കസ്റ്റഡിയിലെടുത്തു

Synopsis

നിരവധി തൊഴിലാളികളെ കൂട്ടിനുള്ളില്‍ അടച്ച ശേഷം കൈയില്‍ വടിയുമായി പുറത്തിരിക്കുന്ന അറബി വേഷധാരി നിങ്ങള്‍ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് ചോദിക്കുന്നു. തൊഴിലാളികള്‍ ഇന്ത്യ എന്ന് പറയുമ്പോള്‍ അത് ശരിയല്ലെന്നും നിങ്ങള്‍ ജീവിക്കുന്നത് യുഎഇയില്‍ ആയതിനാല്‍ യുഎഇ ടീമിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നു

ഷാര്‍ജ: ഇന്ത്യന്‍ ആരാധകരെ കൂട്ടിലടച്ച് വീഡിയോ ചിത്രീകരിച്ചയാളെ യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ നടന്ന എ എഫ് സി ഏഷ്യന്‍ കപ്പ് മത്സരത്തില്‍ യുഎഇ ടീമിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആളുകളെ കൂടിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

നിരവധി തൊഴിലാളികളെ കൂട്ടിനുള്ളില്‍ അടച്ച ശേഷം കൈയില്‍ വടിയുമായി പുറത്തിരിക്കുന്ന അറബി വേഷധാരി നിങ്ങള്‍ ഏത് ടീമിനെയാണ് പിന്തുണയ്ക്കുന്നതെന്ന് ചോദിക്കുന്നു. തൊഴിലാളികള്‍ ഇന്ത്യ എന്ന് പറയുമ്പോള്‍ അത് ശരിയല്ലെന്നും നിങ്ങള്‍ ജീവിക്കുന്നത് യുഎഇയില്‍ ആയതിനാല്‍ യുഎഇ ടീമിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെടുന്നു. ശേഷം വീണ്ടും നിങ്ങള്‍ ഏത് ടീമിനെ പിന്തുണയ്ക്കുന്നുവെന്ന് ചോദിക്കുമ്പോള്‍ തൊഴിലാളികള്‍ യുഎഇ എന്ന് മറുപടി പറയുന്നു. ഇതോടെ ഇവരെ കൂട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. യുഎഇ അറ്റോര്‍ണി ജനറിന്റെ ഓഫീസ് സംഭവവുമായി ബന്ധപ്പെട്ട് പ്രസ്താവനയും പുറത്തിറക്കി. യുഎഇ ടീമിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഏഷ്യക്കാരായ നിരവധി പേരെ പക്ഷിക്കൂടിനുള്ളില്‍ അടച്ചിട്ടിരിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ടെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. വീ‍ഡിയോ നിര്‍മ്മിച്ചയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു.

ഇത്തരം പ്രവൃത്തികള്‍ യുഎഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റകൃത്യമാണ്. മാത്രവുമല്ല യുഎഇ കാത്തുസൂക്ഷിക്കുന്ന സഹിഷ്ണുതയുടെയും ആദരവിന്റെയും മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിത്. ആളുകളുടെ കഴിവിലും അവസര സമത്വത്തിലുമാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും വിവേചനം അംഗീകരിക്കില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഏത് തരത്തിലുള്ള വിവേചനങ്ങളും വിദ്വേഷപ്രചാരണവും യുഎഇ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ് അധികൃതര്‍ അറിയിച്ചു. ആറ് മാസം മുതല്‍ 10 വരെ തടവ് ശിക്ഷയും 50,000 ദിര്‍ഹം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിച്ചേക്കും.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ