സോഷ്യല്‍ മീഡിയ ദുരുപയോഗം; യുവാവിന് യുഎഇയില്‍ 50 ലക്ഷം പിഴ

By Web TeamFirst Published Dec 18, 2018, 4:18 PM IST
Highlights

സൗദിയില്‍ യുവതികള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുവാദം നല്‍കിയ സംഭവത്തോടുള്ള പ്രതികരണമാണ് കേസിന് ആധാരമായത്. സൗദി ഭരണാധികരികളുടെ തീരുമാനം സ്വാഗതം ചെയ്തുകൊണ്ടും വാഹനം ഓടിക്കുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും പരാതിക്കാരിയായ നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടു. 

അബുദാബി: സാമൂഹിക മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ വീഡിയോ സന്ദേശം പ്രചരിപ്പിച്ചയാളിന് അബുദാബി കോടതി മൂന്ന് ലക്ഷം ദിര്‍ഹം (ഏകദേശം 50 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ശിക്ഷ വിധിച്ചു. യുഎഇയില്‍ നിരവധി സോഷ്യല്‍ മീഡിയ ഫോളോവര്‍മാരുള്ള പ്രതിക്കെതിരെ കീഴ്‍കോടതി നേരത്തെ വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവെയ്ക്കുകായിരുന്നു. രാജ്യത്തെ ഒരു നടിയെയാണ് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലും സ്നാപ്‍ചാറ്റിലും പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അപമാനിച്ചത്.

സൗദിയില്‍ യുവതികള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുവാദം നല്‍കിയ സംഭവത്തോടുള്ള പ്രതികരണമാണ് കേസിന് ആധാരമായത്. സൗദി ഭരണാധികരികളുടെ തീരുമാനം സ്വാഗതം ചെയ്തുകൊണ്ടും വാഹനം ഓടിക്കുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും പരാതിക്കാരിയായ നടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടു. ഇതിന് പുറമെ മറ്റ് നിരവധി സ്ത്രീകളോടൊപ്പം വാഹനം ഓടിച്ച് അതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചാണ് പ്രതിയായ വ്യക്തി വീഡിയോ തയ്യാറാക്കിയത്. ഇതില്‍ ഇവരുടെ ദൃശ്യങ്ങളും ഉപയോഗിച്ചിരുന്നു. തന്നെ മോശമായ പദങ്ങളുപയോഗിച്ച് വിശേഷിപ്പിച്ചുവെന്നും അപമാനിച്ചുവെന്നും കാണിച്ചാണ് നടി കോടിയെ സമീപിച്ചത്. വീഡിയോ തന്നെ മാനസികമായി തകര്‍ത്തുവെന്നും സമൂഹത്തിലെ മാന്യത ഇല്ലാതാക്കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

കേസില്‍ വാദം പൂര്‍ത്തിയാക്കിയ ശേഷം പ്രതി മൂന്ന് ലക്ഷം ദിര്‍ഹം പിഴയടയ്ക്കണമെന്ന് വിധിക്കുകയായിരുന്നു. 21,000 ദിര്‍ഹം നഷ്ടപരിഹാരമായി സൈബര്‍ ആക്രമണത്തിനിരയായ നടിക്ക് നല്‍കണം. അപമാനകരമായി പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്യണമെന്നും ഇതിനെ പുറമെ രണ്ട് മാസത്തേക്ക് പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അടച്ചുപൂട്ടണമെന്നും കോടതി ഉത്തരവിലുണ്ട്.

click me!