
കുവൈത്ത് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തി മോഷണ പരമ്പരകൾ നടത്തിയതായി സംശയിക്കപ്പെടുന്ന ബിദൂനി അറസ്റ്റിൽ. വെസ്റ്റ് അബ്ദുള്ള അൽ മുബാറക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇയാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറി. വെസ്റ്റ് അബ്ദുള്ള അൽ മുബാറക്ക് പ്രദേശത്ത് നടത്തിയ സാധാരണ പട്രോളിംഗിനിടെയാണ് ബിദൂൺ പിടിയിലായത്.
പട്രോൾ സംഘത്തെ കണ്ടയുടൻ ഡ്രൈവർ പരിഭ്രാന്തനായതായത് പൊലീസ് ശ്രദ്ധിച്ചു. ഉദ്യോഗസ്ഥർ അടുക്കാൻ ശ്രമിച്ചപ്പോൾ, ഇയാൾ അതിവേഗം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് കൂടുതൽ പൊലീസ് സേനയുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ കാറിനുള്ളിൽ നിന്ന് സംശയാസ്പദമായ നിരവധി വസ്തുക്കൾ കണ്ടെത്തി. ഒരു കലാഷ്നിക്കോവ് റൈഫിൾ, ഒരു പിസ്റ്റൾ, രണ്ട് വാക്കി-ടോക്കികൾ, നാല് മൊബൈൽ ഫോണുകൾ, ക്രിസ്റ്റൽ മെത്ത് മയക്കുമരുന്ന് അടങ്ങിയ ഒരു ബാഗ്, ഉത്തേജക ഗുളികകളുടെ ഒരു സ്ട്രിപ്പ്, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, പബ്ലിക് സെക്യൂരിറ്റി സെക്ടറുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ ബാഡ്ജ് എന്നിവ ഇവയിൽ ഉൾപ്പെടുന്നു.
പ്രതി ആയുധങ്ങളും ഔദ്യോഗികമായി കാണപ്പെടുന്ന ഉപകരണങ്ങളും കൈവശം വച്ചിരിക്കുന്നതിനാൽ ഒരു ഡിറ്റക്ടീവായി വേഷംമാറി കവർച്ചകൾ നടത്തിയിരിക്കാമെന്ന് അധികൃതർ പറയുന്നു. മയക്കുമരുന്ന് കൈവശം വച്ചതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് റഫർ ചെയ്യും. അന്വേഷണങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ