
ദുബൈ: യുഎഇയില്‍ ആളുമാറി ബാങ്ക് അക്കൗണ്ടിലെത്തിയ വന്‍തുക തിരികെ നല്‍കാന്‍ വിസമ്മതിച്ച പ്രവാസിക്ക് ഒരു മാസം ജയില്‍ ശിക്ഷ. 5,70,000 ദിര്‍ഹമാണ് ഇന്ത്യക്കാരന്റെ അക്കൗണ്ടിലേക്ക് മാറിയെത്തിയത്. ഇയാള്‍ ഇതേ തുകയുടെ പിഴ അടയ്ക്കണമെന്നും ശിക്ഷ അനുഭവിച്ച ശേഷം യുഎഇയില്‍ നിന്ന് നാടുകടത്തുമെന്നും ദുബൈ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച വിധിയിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന സംഭവത്തില്‍ ഇപ്പോഴാണ് കോടതിയുടെ വിധി വന്നത്. പണം എവിടെ നിന്നാണ് വന്നതെന്ന് അക്കൗണ്ട് ഉടമ പരിശോധിച്ചില്ല. പണം ക്രെഡിറ്റ് ചെയ്‍തതായി നോട്ടിഫിക്കേഷന്‍ ലഭിച്ചതിന് പിന്നാലെ അതില്‍ നിന്ന് 52,000 ദിര്‍ഹം എടുത്ത് തന്റെ വാടക നല്‍കുകയും മറ്റ് ചില ബില്ലുകള്‍ അടയ്ക്കുകയും ചെയ്‍തു. പണം ആരാണ് അയച്ചതെന്നോ എന്തിനാണ് പണം വന്നതെന്നോ പരിശോധിക്കാതെയായിരുന്നു ഇതെല്ലാമെന്ന് അക്കൗണ്ട് ഉടമ കോടതിയില്‍ പറഞ്ഞു.
പിന്നീടാണ് ഒരു കമ്പനി പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് തന്നെ സമീപിച്ചതെന്നും ഇയാള്‍ പറഞ്ഞു. പണം അവരുടേതാണെന്ന് ഉറപ്പില്ലാത്തതിനാല്‍ താന്‍ വിസമ്മതിച്ചു. പിന്നെയും നിരവധി തവണ ഇവര്‍ ഇതേ ആവശ്യവുമായി കമ്പനി സമീപിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കി. ദുബൈയിലെ ഒരു മെഡിക്കല്‍ ട്രേഡിങ് കമ്പനിയുടെ പണമാണ് അബദ്ധത്തില്‍ ഇയാളുടെ അക്കൗണ്ടിലെത്തിയത്. കമ്പനി തങ്ങളുടെ ഒരു വിതരണക്കാരന് അയച്ച 5,70,000 ദിര്‍ഹം ഒരു ജീവനക്കാരന്റെ ശ്രദ്ധക്കുറവ് മൂലം സമാനമായ മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റപ്പെടുകയായിരുന്നു. പണം കിട്ടാതെ വിതരണക്കാരന്‍ വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് വിവരങ്ങള്‍ പരിശോധിക്കുകയും പണം കൈമാറിയ അക്കൗണ്ട് മാറിപ്പോയെന്ന് മനസിലാവുകയും ചെയ്‍തത്.
കമ്പനി ബാങ്കിനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ അക്കൗണ്ടില്‍ പണം ലഭിച്ച പ്രവാസിയാവട്ടെ അത് തിരികെ നല്‍കാന്‍ തയ്യാറായില്ല. ഇതോടെ ബാങ്കും കൈമലര്‍ത്തി. തുടര്‍ന്ന് കമ്പനി അല്‍ റഫ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പണം വീണ്ടെടുത്ത് കൊടുക്കാന്‍ അവിടെ നിന്ന് ഉത്തരവ് വാങ്ങുകയും ചെയ്‍തു. ഇതേ തുടര്‍ന്ന് ബാങ്ക് ഇയാളുടെ അക്കൗണ്ട് മരവിപ്പിച്ചു. എന്നാല്‍ പണം തിരിച്ചെടുത്തില്ല. അതിന് മുമ്പ് തന്നെ ഇയാള്‍ പണം അക്കൗണ്ടില്‍ നിന്ന് മാറ്റിയിരുന്നോ എന്നും വ്യക്തമല്ല.
കമ്പനിയുടെ പരാതി പ്രകാരം നിയമവിരുദ്ധമായി പണം കൈവശപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് പ്രവാസിക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ കേസെടുത്തത്. കേസ് കോടതിയിലെത്തിയപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും പ്രശ്നം പരിഹരിക്കാന്‍ കുറച്ച് സമയം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‍തെങ്കിലും അത് അനുവദിച്ചില്ല. തുടര്‍ന്നായിരുന്നു ക്രിമിനല്‍ കോടതിയുടെ വിധി. ഇതിനെതിരെ പ്രതി അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ അടുത്ത മാസം കോടതി പരിഗണിക്കുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ