കടം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ബന്ധുവിനെ കൊന്നു; പ്രവാസി യുവാവിന് യുഎഇയില്‍ വധശിക്ഷ

By Web TeamFirst Published Apr 4, 2019, 4:29 PM IST
Highlights

പ്രതിയും ഇയാളുടെ ബന്ധുവും അബുദാബിയിലെ രണ്ട് ഫാമുകളിലാണ് ജോലി ചെയ്തിരുന്നത്. ബന്ധു കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറാവാത്തതനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. 

അബുദാബി: കടം വാങ്ങിയ 400 ദിര്‍ഹം തിരികെ നല്‍കാത്തതിനെച്ചൊല്ലിയുണ്ടായ വാഗ്വാദത്തിനൊടുവില്‍ യുഎഇയില്‍ വെച്ച് ബന്ധുവിനെ കൊലപ്പെടുത്തിയയാള്‍ക്ക് വധശിക്ഷ. ഏഷ്യക്കാരനായ പ്രതിക്ക് നേരത്തെ കീഴ്‍കോടതികള്‍ വിധിച്ച ശിക്ഷ പരമോന്നത കോടതി ശരിവെയ്ക്കുകയായിരുന്നു.

പ്രതിയും ഇയാളുടെ ബന്ധുവും അബുദാബിയിലെ രണ്ട് ഫാമുകളിലാണ് ജോലി ചെയ്തിരുന്നത്. ബന്ധു കടം വാങ്ങിയ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറാവാത്തതനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം വൈകുന്നേരം കോടാലിയും മൂര്‍ച്ചയുള്ള മറ്റൊരു വസ്തുവുമായി ഇയാള്‍ ബന്ധുവിന്റെ മുറിയിലെത്തി. കൈയില്‍ കരുതിയിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് മാരകമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി.

കൊലയ്ക്ക് ശേഷം ഇയാളുടെ വസ്ത്രങ്ങള്‍ ഇവിടെ നിന്ന് മാറ്റുകയും മൃതദേഹത്തില്‍ കയറുകൊണ്ട് കെട്ടി വലിച്ച് തൊട്ടടുത്തുള്ള മറ്റൊരു ഫാമില്‍ എത്തിക്കുകയുമായിരുന്നു. പിന്നീട് മണലില്‍ കുഴിയെടുത്ത് മൃതദേഹം മൂടി. തിരികെ വന്ന് കൊല്ലപ്പെട്ടയാളുടെ ഫോണ്‍ കണ്ടെത്തി ഒളിപ്പിച്ചു. തൊഴിലാളിയെ കാണാതായതോടെ ഇയാളുടെ സ്പോണ്‍സര്‍ മറ്റ് തൊഴിലാളികളോട് അന്വേഷിക്കാന്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഫാമിലെ മറ്റ് തൊഴിലാളികളിലൊരാള്‍ തൊട്ടടുത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് തിരിച്ചറിഞ്ഞ് മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷനോടും പിന്നീട് കോടതിയിലും ഇയാള്‍ കുറ്റം സമ്മതിച്ചു. കേസ് ആദ്യം പരിഗണിച്ച ക്രിമിനല്‍ പ്രാഥമിക കോടതി ഇയാള്‍ വധശിക്ഷ വിധിച്ചു. ഇത് പിന്നീട് അപ്പീല്‍ കോടതിയും ശരിവെച്ചു. ബ്ലഡ് മണി സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ നിരസിച്ചതോടെ അബുദാബിയിലെ പരമോന്നത കോടതിയും ശിക്ഷ ശരിവെച്ചു. വിധിക്ക് യുഎഇ പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം ശിക്ഷ നടപ്പാക്കും.
 

click me!