പ്രതിശ്രുത വധുവിനോട് 'തമാശ' പറഞ്ഞത് വിനയായി; യുഎഇയില്‍ യുവാവിന് 20,000 ദിര്‍ഹം പിഴയും രണ്ട് മാസം തടവും

By Web TeamFirst Published Dec 11, 2018, 2:05 PM IST
Highlights

തമാശയായി അയച്ച സന്ദേശമാണെന്ന് യുവാവ് വാദിച്ചെങ്കിലും തന്നെ അപരമാനിച്ചുവെന്ന് കാണിച്ച് പ്രതിശ്രുത വധു കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു.

അബുദാബി: പ്രതിശ്രുത വധുവിനെ അപമാനിച്ചുവെന്ന പരാതിയില്‍ യുവാവിന് അബുദാബി കോടതി രണ്ട് മാസം തടവും 20,000 ദിര്‍ഹം പിഴയും ശിക്ഷ വധിച്ചു. അറബ് പൗരനായ യുവാവ് വാട്സ്ആപിലൂടെ അയച്ച സന്ദേശമാണ് കേസിലേക്കും നിയമ നടപടികളിക്കും നയിച്ചത്. വിഡ്ഢി എന്ന് അര്‍ത്ഥം വരുന്ന അറബി വാക്കാണ് ഇയാള്‍ തമാശ രൂപത്തില്‍ അയച്ചത്.

തമാശയായി അയച്ച സന്ദേശമാണെന്ന് യുവാവ് വാദിച്ചെങ്കിലും തന്നെ അപമാനിച്ചുവെന്ന് കാണിച്ച് പ്രതിശ്രുത വധു കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നുവെന്ന് എമിറാത്ത് അല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്തു. തമാശയായി അയക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നയാള്‍ ഗൗരവത്തിലെടുക്കുകയും പരാതിയുമായി അധികൃതരെ സമീപിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ യുഎഇയില്‍ വര്‍ദ്ധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയിലെ നിയമം അനുസരിച്ച് അപമാനകരമായി തോന്നുന്ന എന്ത് സന്ദേശം സോഷ്യല്‍ മീഡിയ വഴി അയച്ചാലും സൈബര്‍ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ഇതിന് 2.5 ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിക്കുകയും ചെയ്യും.  അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന്റെ പേരില്‍ വേറെയും ഏതാനും കേസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. മനഃപൂര്‍വമല്ലാതെ ചെയ്തതാണെന്ന് വാദിച്ചാലും ഇത്തരം കേസുകളില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടില്ലെന്നും അഭിഭാഷകര്‍ അറിയിച്ചു.

click me!