കുവൈത്തിലെ അമേരിക്കൻ പൗരന്മാർക്ക് മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണി മുൻനിർത്തി യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നൽകി. ഗൾഫ് മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ, കുവൈത്തിൽ യുഎസ് സൈനിക വിമാനങ്ങൾ തകർന്നു.

കുവൈത്ത് സിറ്റി: യുഎസ് എംബസി കുവൈത്തിലുള്ള അമേരിക്കൻ പൗരന്മാർക്ക് അത്യാവശ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് മിസൈൽ- ഡ്രോൺ ആക്രമണ ഭീഷണി തുടരുന്നതായി എംബസി അറിയിച്ചു. സാഹചര്യം പരിഗണിച്ച്, എംബസി പരിസരത്തേക്ക് വരാതിരിക്കണമെന്ന് പൗരന്മാരോട് ആവശ്യപ്പെട്ടു. കൂടാതെ, വീടുകളിൽ തന്നെ തുടരുകയും ജനാലകളിൽ നിന്ന് അകന്ന് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിക്കണമെന്നും നിർദേശിച്ചു.

കുവൈത്തിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർ അവരുടെ വ്യക്തി സുരക്ഷാ പദ്ധതികൾ വീണ്ടും പരിശോധിക്കണമെന്നും, ഭാവിയിൽ ഉണ്ടായേക്കാവുന്ന ആക്രമണങ്ങൾ മുന്നിൽ കണ്ട് ജാഗ്രത പാലിക്കണമെന്നും എംബസി അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പുതിയ നിർദേശങ്ങൾ ലഭിക്കുന്നതിന് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ആക്രമിക്കപ്പെടാം എന്ന് ബഹ്‌റൈനിലെ അമേരിക്കൻ പൗരന്മാർക്ക് എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മനാമയിലെ ഹോട്ടലുകൾ ഒഴിയാൻ നിർദേശം നൽകി. കൂടുതൽ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് സാധ്യത.

അമേരിക്കൻ സൈനിക വിമാനങ്ങൾ തകർന്നു

ഇന്ന് രാവിലെ നിരവധി യു എസ് സൈനിക വിമാനങ്ങൾ കുവൈത്തിൽ അപകടത്തിൽപ്പെട്ടതായി മിനിസ്ട്രി ഓഫ് ഡിഫെൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാൽ വിമാനങ്ങളിലെ മുഴുവൻ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രൂ അംഗങ്ങളെ ഒഴിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റി ആരോഗ്യപരിശോധനയും ആവശ്യമായ ചികിത്സയും നൽകി. അവരുടെ ആരോഗ്യനില സ്ഥിരതയിലാണെന്ന് അധികൃതർ അറിയിച്ചു.

ഗൾഫ് മേഖലയിൽ ആക്രമണം തുടരുന്നു

ഗൾഫ് മേഖലയിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. ഗൾഫ് രാജ്യങ്ങളിൽ വിവിധ ഇടങ്ങളിൽ സ്ഫോടന ശബ്ദം കേൾക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. കുവൈത്തിൽ അമേരിക്കയുടെ യുദ്ധവിമാനം വീഴ്ത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. കുവൈത്തിലെ യുഎസ് എംബസിയിലും അഹ്മദി റിഫൈനറിയിലും യുഎഇയിലെ ആമസോൺ ഡാറ്റ സെന്ററിലും ആക്രമണം ഉണ്ടായി. ദുബായ് അടക്കം ജി.സി.സിയിലെ സുപ്രധാന വാണിജ്യ കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ഉന്നമിട്ട് ഇന്നും ഇറാന്റെ ഡ്രോണുകൾ എത്തി. ബഹ്റൈനിൽ മിസൈൽ അവശിഷ്ടം പതിച്ച് ഒരാൾ മരിച്ചു എന്നും റിപ്പോർട്ടുണ്ട്. പ്രകോപനം തുടർന്നാൽ ഗുരുതര പ്രത്യാഘാതമെന്ന് ജി.സി.സി കൗൺസിൽ പ്രതികരിച്ചു.

YouTube video player