മസാജ് സെന്ററില്‍ വെച്ച് കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്നു; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു

By Web TeamFirst Published May 2, 2019, 5:38 PM IST
Highlights

വൈകുന്നേരം ആറ് മണിയോടെ മസാജ് സെന്ററിലെത്തിയ ഇയാള്‍ മസാജ് ചെയ്യുന്നതിനായി 160 ദിര്‍ഹം നല്‍കിയതായി ഇവിടെയുള്ള ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. ഒന്നര മണിക്കൂര്‍ കഴിഞ്ഞും ഇയാള്‍ പുറത്തുവരികയോ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പണം നല്‍കുകയോ ചെയ്യാതിരുന്നതോടെ സെന്ററിന്റെ നടത്തിപ്പുകാരന്‍ മുറിയിലേക്ക് ചെന്നപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. 

ദുബായ്: മസാജ് സെന്ററില്‍ വെച്ച് കാമുകിയെ ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ യുഎഇയില്‍ പ്രവാസിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് യുവതി ഇയാളില്‍ നിന്ന് അകലുകയായിരുന്നു. ഇതേച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

30 വയസുകാരനായ ബംഗ്ലാദേശ് പൗരനാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ 16നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മസാജ് സെന്ററില്‍ ജോലി ചെയ്തിരുന്ന ബംഗ്ലാദേശില്‍ നിന്നു തന്നെയുള്ള യുവതിയുമായി സംഭവത്തിന് ഒരുമാസം മുന്‍പാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് അടുപ്പത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. യുവതി ഇയാളില്‍ നിന്ന് 7000 ദിര്‍ഹം വാങ്ങിയ ശേഷം പിന്നീട് കാര്യമായ അടുപ്പമൊന്നും കാണിക്കാതെയായി. വാട്സ്ആപില്‍ ബ്ലോക്ക് ചെയ്യുക കൂടി ചെയ്തതോടെയാണ് പ്രതി, യുവതി ജോലി ചെയ്യുന്ന മസാജ് സെന്റര്‍ കണ്ടെത്തി നേരിട്ട് ചെന്നത്.

വൈകുന്നേരം ആറ് മണിയോടെ മസാജ് സെന്ററിലെത്തിയ ഇയാള്‍ മസാജ് ചെയ്യുന്നതിനായി 160 ദിര്‍ഹം നല്‍കിയതായി ഇവിടെയുള്ള ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. ഒന്നര മണിക്കൂര്‍ കഴിഞ്ഞും ഇയാള്‍ പുറത്തുവരികയോ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പണം നല്‍കുകയോ ചെയ്യാതിരുന്നതോടെ സെന്ററിന്റെ നടത്തിപ്പുകാരന്‍ മുറിയിലേക്ക് ചെന്നപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടത്. നിലത്ത് മലര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മുഖത്ത് ടവ്വല്‍ കൊണ്ട് മൂടിയിരുന്നു. വസ്ത്രത്തില്‍ രക്തവുമുണ്ടായിരുന്നു.

മുറിയില്‍ കയറിയ ശേഷം യുവതിയോട് ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതിന് യുവതി കൂടുതല്‍ പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ഇയാളോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുപിതനായ പ്രതി ടവല്‍ കൊണ്ട് 10 മിനിറ്റോളം യുവതിയെ ശ്വാസം മുട്ടിച്ചു. മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങിയപ്പോള്‍ യുവതിയെ ഉപേക്ഷിച്ച് മൊബൈല്‍ ഫോണുമെടുത്ത് കടന്നുകളഞ്ഞുവെന്നും ഇയാള്‍ പറഞ്ഞു. യുവതി തല്‍ക്ഷണം തന്നെ മരിച്ചിരുന്നു.

കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പിറ്റേദിവസം തന്നെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. 
ആസൂത്രിതമായ കൊലപാതകമെന്ന ആരോപണം പ്രതി കോടതിയില്‍ നിഷേധിച്ചു. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. മോഷണത്തിന് ആറ് മാസം വേറെയും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും. 

click me!