മയക്കുമരുന്ന് കണ്ടെത്തിയപ്പോള്‍ പൊലീസിനെ ആക്രമിച്ചു; യുവാവിന് ദുബായ് കോടതി ശിക്ഷ വിധിച്ചു

By Web TeamFirst Published Apr 27, 2019, 1:02 PM IST
Highlights

തനിക്ക് ബാത്ത്റൂമില്‍ പോകണമെന്ന് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് അനുവദിച്ചപ്പോള്‍ പൊലീസുകാരെ മര്‍ദ്ദിച്ച് രക്ഷപെടാന്‍ ശ്രമിച്ചു.

ദുബായ്: മയക്കുമരുന്ന് പിടികൂടിയ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ യുവാവിന് ദുബായ് കോടതി മൂന്ന് വര്‍ഷം തടവും 20,000 ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു.  31കാരനായ സ്വദേശി പൗരനാണ് കേസില്‍ പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.

തുടര്‍ന്ന് ബര്‍ദുബായിലുള്ള വീട്ടില്‍ പൊലീസെത്തി പരിശോധന നടത്തി. ഇയാളുടെ പോക്കറ്റില്‍ നിന്ന് ഉള്‍പ്പെടെ നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ തനിക്ക് ബാത്ത്റൂമില്‍ പോകണമെന്ന് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് അനുവദിച്ചപ്പോള്‍ പൊലീസുകാരെ മര്‍ദ്ദിച്ച് രക്ഷപെടാന്‍ ശ്രമിച്ചു.

ഉദ്യോഗസ്ഥര്‍ ചേര്‍ന്ന്  ഇയാളെ കീഴ്പെടുത്തുകയായിരുന്നു. സംഭവ സമയത്ത് 49 ഗ്രാം ഹെറോയിന്‍ ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. പൊലീസിനെ അക്രമിക്കുന്ന സമയത്തും ഇയാള്‍ ലഹരിയിലായിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. മയക്കുമരുന്ന് ഉപയോഗം, മയക്കുമരുന്ന് കൈവശം വെയ്ക്കല്‍, പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. എല്ലാ കുറ്റങ്ങളും പ്രതി കോടതിയില്‍ നിഷേധിച്ചു.

click me!