ഉത്തര കൊറിയ പെട്ടെന്ന് ഇത്രയധികം മിസൈലുകൾ പരീക്ഷിച്ചത് എന്തിനാണെന്നും ഇതിന് പിന്നിൽ വലിയ എന്തെങ്കിലും തന്ത്രപരമായ സന്ദേശമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

ടോക്കിയോ: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാവുന്നതിനിടെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയ ശനിയാഴ്ച നിരവധി മിസൈലുകൾ പരീക്ഷിച്ചതായും അതിൽ ചിലത് ജപ്പാൻ തീരത്തിന് സമീപത്ത് പതിച്ചതായുമാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയും ജപ്പാനും മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 10 മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. എന്നാൽ ഈ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഉത്തര കൊറിയ പെട്ടെന്ന് ഇത്രയധികം മിസൈലുകൾ പരീക്ഷിച്ചത് എന്തിനാണെന്നും ഇതിന് പിന്നിൽ വലിയ എന്തെങ്കിലും തന്ത്രപരമായ സന്ദേശമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.

ജപ്പാന്റെ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത് അനുസരിച്ച് ഉത്തര കൊറിയ പരീക്ഷിച്ചിരിക്കുന്നത് ബാലിസ്റ്റിക് മിസൈലുകളാകാം എന്നാണ്. ദീർഘ ദൂരം സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാൻ കഴിയുന്നവയാണ് ബാലിസ്റ്റിക് മിസൈലുകൾ. അതുകൊണ്ട് തന്നെ ഇതൊരു വലിയ സൈനിക ശക്തിപ്രകടനമായാണ് കണക്കാക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ജപ്പാന്റെ സമുദ്രാതിർത്തിക്ക് സമീപം ഏകദേശം 2800 മൈലിലധികം ദൂരത്തിലാണ് ഈ മിസൈലുകൾ പതിച്ചത്. ഇതോടെ മേഖലയിലെ സുരക്ഷയെക്കുറിച്ച് ആശങ്ക വർധിച്ചിട്ടുണ്ട്. ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഏഷ്യയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ഉത്തര കൊറിയയുടെ വലിയ രീതിയിലെ മിസൈൽ പരീക്ഷണം അമേരിക്കയും ദക്ഷിണ കൊറിയയും നടത്തിയ സംയുക്ത സൈനികാഭ്യാസത്തിനുള്ള മറുപടിയാണെന്നും അന്തർദേശീയ പ്രതിരോധ വിദഗ്ധർ പ്രതികരിക്കുന്നുണ്ട്. സാധാരണയായി അമേരിക്കയും ദക്ഷിണ കൊറിയയും വലിയ രീതിയിൽ സൈനികാഭ്യാസം നടത്തുമ്പോഴെല്ലാം ഉത്തര കൊറിയ അതിനെ തങ്ങളുടെ സുരക്ഷയ്ക്കുള്ള ഭീഷണിയായാണ് കാണാറ്. ഇതിന് മറുപടിയായി അവർ മിസൈൽ പരീക്ഷണം നടത്താറുമുണ്ട്. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ.

Scroll to load tweet…

ആദ്യ റിപ്പോർട്ടിൽ 10 മിസൈലുകളുടെ കാര്യമാണ് പറയുന്നതെങ്കിലും, യഥാർത്ഥത്തിൽ ഇതിലും കൂടുതൽ മിസൈലുകൾ പരീക്ഷിച്ചിരിക്കാമെന്ന് ചില സുരക്ഷാ വിദഗ്ധർ പറയുന്നത്. പലപ്പോഴും എല്ലാ വിക്ഷേപണങ്ങളും ഉടൻ പുറത്തുവിടാറില്ല. അതുകൊണ്ട് തന്നെ പിന്നീട് എണ്ണം കൂടാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ സമീപകാലത്ത് ഉത്തര കൊറിയ നടത്തിയ ഏറ്റവും വലിയ മിസൈൽ പരീക്ഷണങ്ങളിലൊന്നായി ഇത് മാറും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്തര കൊറിയ, ദക്ഷിണ കൊറിയ, ജപ്പാൻ, അമേരിക്ക എന്നിവർക്കിടയിലുള്ള സൈനിക നീക്കങ്ങൾ വർധിച്ചുവരികയാണ്. മിസൈൽ പരീക്ഷണങ്ങളും സൈനികാഭ്യാസങ്ങളും മുന്നറിയിപ്പുകളും കാരണം കൊറിയൻ ഉപദ്വീപും കിഴക്കൻ ഏഷ്യയും സംഘർഷഭരിതമായ മേഖലയായി മാറിയിരിക്കുന്നു. ഇത്തരം പരീക്ഷണങ്ങൾ തുടർന്നാൽ ഏഷ്യയിലെ സുരക്ഷാ സന്തുലിതാവസ്ഥയെ അത് ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം