ഫോണെടുത്തില്ലെങ്കില്‍ മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; യുഎഇയില്‍ യുവാവിന് ശിക്ഷ

By Web TeamFirst Published Jan 3, 2022, 2:09 PM IST
Highlights

യുവതിയെ അസഭ്യം പറയുകയും തന്റെ കൈവശമുള്ള സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തയാളിന് യുഎഇയില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ.

ദുബൈ: മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ (Private Photos) സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ (Thretening to post on social media) യുവാവിന് യുഎഇയില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ. കാമുകിയുമായി പിരിഞ്ഞതിന് ശേഷം ഇയാള്‍ ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതി പരാതി നല്‍കിയതോടെയാണ് 31 വയസുകാരന്‍ അറസ്റ്റിലായത്.

പ്രതിക്കൊപ്പം ജോലി ചെയ്‍തിരുന്ന 28കാരിയായ യുവതിയാണ് പരാതി നല്‍കിയത്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും പിരിഞ്ഞതിന് ശേഷം ഒരു തര്‍ക്കത്തിന്റെ പേരില്‍ യുവതിയെ അസഭ്യം പറയുകയും തന്റെ കൈവശമുള്ള സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്നും തന്റെ ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കണമെന്നും താനുമായുള്ള ബന്ധം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

യുവതി ദുബൈ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും യുവതിയെ ഇനി ബന്ധപ്പെടരുതെന്ന് നിര്‍ദേശിക്കുകയുമായിരുന്നു. എന്നാല്‍ ഭീഷണിയും അസഭ്യവര്‍ഷവും തുടര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള അപമാനം കൂടിയായപ്പോള്‍ യുവതി വീണ്ടും പൊലീസിനെ സമീപിച്ചു.

രണ്ടാമതും പരാതി ലഭിച്ചതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്കായി ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഭീഷണിപ്പെടുത്തിയതും സ്‍ത്രീയെ അപമാനിച്ചതും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ദുബൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.

click me!