യുഎഇയില്‍ ആശുപത്രിയിലെത്തി ഇന്ത്യന്‍ പാരാമെഡിക്കല്‍ ജീവനക്കാരിയുടെ കരണത്തടിച്ചു; സ്വദേശിക്ക് തടവുശിക്ഷ

By Web TeamFirst Published Jun 19, 2021, 3:39 PM IST
Highlights

സ്വദേശിയുടെ അടിയേറ്റ ഇന്ത്യക്കാരിയുടെ ഇടത് ചെവിയ്ക്ക് രണ്ട് ശതമാനം വൈകല്യം ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജോലിക്കിടെ ആശുപത്രിയിലേക്ക് കയറി വന്ന സ്വദേശി തന്റെ കരണത്തടിച്ചെന്നും അടിയുടെ ആഘാതത്തില്‍ ചെവിക്ക് ശക്തമായ വേദന അനുഭവപ്പെടുകയും വായിലൂടെ രക്തം വരികയും ചെയ്തതായി 43കാരിയായ ഇന്ത്യക്കാരി പറഞ്ഞു.

ദുബൈ: കര്‍ത്തവ്യ വിലോപം ആരോപിച്ച് ഇന്ത്യന്‍ പാരാമെഡിക്കല്‍ ജീവനക്കാരിയുടെ കരണത്തടിച്ച സ്വദേശിക്ക് ദുബൈയില്‍ ആറുമാസം ജയില്‍ശിക്ഷ വിധിച്ചു. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ റാഷിദ് ആശുപത്രിയില്‍ വെച്ചാണ് 32കാരനായ എമിറാത്തി, ഇന്ത്യന്‍ പാരാമെഡിക്കല്‍ ജീവനക്കാരിയെ അടിച്ചത്. സ്വദേശിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് കര്‍ത്തവ്യ വിലോപം ആരോപിച്ചാണ് ഇയാള്‍ ഇന്ത്യക്കാരിയുടെ മുഖത്തടിച്ചത്. 

നാദ് അല്‍ ഷേബയിലെ വീട്ടില്‍ വെച്ച് കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് സ്വദേശിയുടെ പിതാവിനെ റാഷിദ് ആശുപത്രിയിലെത്തിക്കാന്‍ ദുബൈ കോര്‍പ്പറേഷനിലെ ആംബുലന്‍സ് വിളിച്ചിരുന്നു. പിന്നീട് പിതാവ് മരിച്ചതോടെ സ്വദേശി യുവാവിന്റെ സഹോദരി, പിതാവിന്റെ മരണത്തിന് കാരണം പാരാമെഡിക്കല്‍ ജീവനക്കാരിയുടെ അനാസ്ഥയാണെന്ന് ആരോപിച്ചു. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റിയ പാരാമെഡിക്കല്‍ ജീവനക്കാരിയുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്ന് തന്റെ സഹോദരി പറഞ്ഞെന്നും തുടര്‍ന്ന് ആശുപത്രിയിലെത്തി അവരുടെ മുഖത്തടിക്കുകയായിരുന്നെന്നും പ്രതിയായ സ്വദേശി പറഞ്ഞതായി ഔദ്യോഗിക രേഖകളില്‍ വ്യക്തമാക്കുന്നു.

സ്വദേശിയുടെ അടിയേറ്റ ഇന്ത്യക്കാരിയുടെ ഇടത് ചെവിയ്ക്ക് രണ്ട് ശതമാനം വൈകല്യം ഉണ്ടായെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ജോലിക്കിടെ ആശുപത്രിയിലേക്ക് കയറി വന്ന സ്വദേശി തന്റെ കരണത്തടിച്ചെന്നും അടിയുടെ ആഘാതത്തില്‍ ചെവിക്ക് ശക്തമായ വേദന അനുഭവപ്പെടുകയും വായിലൂടെ രക്തം വരികയും ചെയ്തതായി 43കാരിയായ ഇന്ത്യക്കാരി പറഞ്ഞു. സ്ത്രീയെ ശാരീരികമായി അതിക്രമിച്ചതിനും അതിലൂടെ അവരുടെ ചെവിക്ക് വൈകല്യം ഉണ്ടാക്കിയതിനും സ്വദേശിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!