പണം ആവശ്യപ്പെട്ട് മലയാളിയെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ക്കകം മോചിപ്പിച്ച് സൗദി പൊലീസ്

By Web TeamFirst Published Aug 27, 2019, 6:34 PM IST
Highlights

വെല്‍ഫയര്‍  കൊണ്‍സുലാര്‍ ദേശ് ഭാട്ടിയുടെ സഹായത്തോടെ ഹാഫ പൊലീസ് സ്റ്റേഷനില്‍ പരാതി  നല്‍കുകയായിരുന്നു. വീഡിയോ കോളിനിടെ ലഭിച്ച അക്രമികളുടെ ഫോട്ടോ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.  

റിയാദ്: മോചനദ്രവ്യം ആവശ്യപ്പെട്ട് സൗദിയില്‍ മലയാളിയെ തട്ടിക്കൊണ്ടുപോയി. ന്യൂസനാഇയ്യയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന എറണാകുളം ഇടപ്പള്ളി സ്വദേശിയായ സനല്‍കുമാര്‍ പൊന്നപ്പന്‍ നായരെയാണ് വിദേശികളായ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ഇന്ത്യന്‍ എംബസിയുടെയും സൗദി പൊലീസിന്‍റെയും സമയോചിതമായ ഇടപെടല്‍ കൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുകയും സനല്‍കുമാറിനെ മോചിപ്പിക്കുകയുമായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമാണ് ന്യൂസനാഇയ്യയില്‍ നിന്ന് വിദേശികളായ ആറംഗ സംഘം സനല്‍കുമാറിനെ കാറില്‍ കയറ്റി കൊണ്ടുപോയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 3,500 റിയാല്‍ ഇവര്‍ തട്ടിയെടുത്തു. പിന്നീട് കിലോമീറ്ററോുകള്‍ അകലെയുള്ള സൗദി ജര്‍മന്‍ ആശുപത്രിക്ക് സമീപം എത്തിച്ചു. ഇവിടെ വെച്ച് സനല്‍ കുമാറിന്‍റെ ഭാര്യയെ വീഡിയോ കോള്‍ ചെയ്ത അക്രമികള്‍ എഴുപതിനായിരം റിയാല്‍ പത്തുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സനല്‍കുമാറിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അക്രമികള്‍ സനല്‍കുമാറിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ഇയാളുടെ ഭാര്യക്ക് അയച്ചുകൊടുത്തിരുന്നു. 

ഇതോടെ സനല്‍കുമാറിന്‍റെ ഭാര്യ ശ്രീകല ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ വിവരം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടിനെ അറിയിച്ചു. സനല്‍കുമാര്‍ സുഹൃത്തിന് അയച്ചുകൊടുത്ത ലൊക്കേഷനും ഇവര്‍ ശിഹാബിന് കൈമാറി. ശിഹാബിനോടൊപ്പം എംബസിയിലെത്തി ശ്രീകല പരാതി നല്‍കുകയും ചെയ്തു. വെല്‍ഫയര്‍  കൊണ്‍സുലാര്‍ ദേശ് ഭാട്ടിയുടെ സഹായത്തോടെ ഹാഫ പൊലീസ് സ്റ്റേഷനില്‍ പരാതി  നല്‍കുകയായിരുന്നു. വീഡിയോ കോളിനിടെ ലഭിച്ച അക്രമികളുടെ ഫോട്ടോ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.  

പണം ദമാമില്‍ നിന്ന് ഒരാള്‍ കൊണ്ടുവരണമെന്നും അതുവരെ കാത്തിരിക്കണമെന്നും ശിഹാബിന്‍റെ നിര്‍ദ്ദേശപ്രകാരം സനല്‍കുമാറിന്‍റെ ഭാര്യ അക്രമികളെ അറിയിച്ചു.  സനല്‍കുമാറിന്‍റെ ബന്ധുക്കള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്കും ഹൈബി ഈഡന്‍ എംപിക്കും പരാതി നല്‍കിയിരുന്നു. 

സനല്‍കുമാറിന്‍റെ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സനല്‍കുമാറിനെ ബന്ദിയാക്കിയ ഹോട്ടല്‍ മുറിയിലെത്തിയ പൊലീസ് ആറുപ്രതികളെ പിടികൂടി. കൂട്ടുപ്രതിയായ ഒരാള്‍ പുറത്തുപോയതിനാല്‍ ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഹോട്ടലിന്‍റെ ഉടമയെയും ആറുപ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു. രക്ഷപ്പെടുത്തുമ്പോള്‍ സനല്‍കുമാറിന്‍റെ ശരീരത്തില്‍ കമ്പി കൊണ്ടും മറ്റും മര്‍ദ്ദനമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. കെട്ടിടത്തിന്‍റെ മുകള്‍ഭാഗത്ത് എത്തിച്ചായിരുന്നു മര്‍ദ്ദനമെന്ന് സനല്‍കുമാര്‍ പറ‍ഞ്ഞു. 

click me!