
കുവൈത്ത് സിറ്റി: കുവൈത്തിൽ സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനാണെന്ന് തെറ്റായ അവകാശവാദം ഉന്നയിച്ച് വ്യാജ ഫോൺ കോൾ വഴി സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുക തട്ടിയെടുത്തു. 10,995 കുവൈത്തി ദിനാറാണ് നഷ്ടപ്പെട്ടത്. അഞ്ച് തവണയായി അനധികൃതമായി പണം പിൻവലിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
അറബ് വംശജനെന്ന് സംശയിക്കുന്ന വ്യക്തിയാണ് ഫോൺ വിളിച്ചത്. താനൊരു ഡിറ്റക്ടീവ് ആണെന്ന് പരിചയപ്പെടുത്തിയ ഇയാൾ, സ്വദേശി യുവാവിന്റെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പണം സുരക്ഷിതമാക്കാൻ പുതിയ ബാങ്ക് കാർഡ് ഏർപ്പെടുത്താമെന്നും വിശ്വസിപ്പിച്ചു. അക്കൗണ്ടിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് യുവാവ് ആവർത്തിച്ചു പറഞ്ഞെങ്കിലും അക്കൗണ്ടിന്റെ വിശദാംശങ്ങൾ കൃത്യമായി പറഞ്ഞുകൊണ്ട് തട്ടിപ്പുകാരൻ അദ്ദേഹത്തിന്റെ വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു.
തുടർന്ന് തന്റെ അറിവോ സമ്മതമോ ഇല്ലാതെ അഞ്ച് തവണയായി അക്കൗണ്ടിൽ നിന്ന് 10,995 ദിനാർ നഷ്ടപ്പെട്ടതായി യുവാവ് പരാതി നൽകി. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ കേസ് ഫെലോണിയായി രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു. വിളിച്ചയാളെ കണ്ടെത്താനും പണം എങ്ങോട്ടാണ് മാറ്റിയതെന്ന് അന്വേഷിച്ച് പ്രതികളെ പിടികൂടാനും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് ചുമതല നൽകിയിട്ടുണ്ട്. ബാങ്ക് വിവരങ്ങളോ ഒടിപി നമ്പറുകളോ ഫോൺ വഴി ആവശ്യപ്പെടുന്ന ഇത്തരം വ്യാജ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam