ഡേറ്റിങ് ആപിലൂടെ യുവതിയുടെ ക്ഷണം; യുവാവിന്റെ രഹസ്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച് പണം തട്ടി

By Web TeamFirst Published Feb 24, 2021, 10:08 PM IST
Highlights

ഡേറ്റിങ് ആപ്ലിക്കേഷനിലൂടെ ഒരു യുവതി തനിക്ക് മെസേജ് അയച്ചുവെന്നും പിന്നീട് നേരിട്ട് കാണാമെന്ന് തീരുമാനിക്കുകയുമായിരുന്നെന്ന് പരാതിക്കാരന്‍ പറഞ്ഞു. അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്മെന്റിലെത്താനായിരുന്നു നിര്‍ദേശം. 

ദുബൈ: യുവാവിന്റെ രഹസ്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയും പണം തട്ടുകയും ചെയ്‍ത സംഭവത്തില്‍ നാല് നൈജീരിയന്‍ പൗരന്മാര്‍ക്കെതിരെ ദുബൈ പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി. സൗദി
അറേബ്യയില്‍ നിന്നെത്തിയ 37കാരനാണ് പ്രതികളുടെ ആക്രമണത്തിനിരയായത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്.

മൂന്ന് മണിക്കൂറോളം ഒരു അപ്പാര്‍ട്ട്മെന്റിനുള്ളില്‍ യുവാവിനെ പൂട്ടിയിട്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. ഡേറ്റിങ് ആപ്ലിക്കേഷനിലൂടെ ഒരു യുവതി തനിക്ക് മെസേജ് അയച്ചുവെന്നും പിന്നീട് നേരിട്ട് കാണാമെന്ന് തീരുമാനിക്കുകയുമായിരുന്നെന്ന് പരാതിക്കാരന്‍ പറഞ്ഞു. അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്മെന്റിലെത്താനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് സ്ഥലത്തെത്തിയപ്പോള്‍ ഒരു ആഫ്രിക്കന്‍ വനിത വാതില്‍ തുറന്നു. തനിക്ക് സന്ദേശമയച്ച യുവതി ഇപ്പോള്‍ എത്തുമെന്ന് അറിയിച്ച അവര്‍ അപ്പാര്‍ട്ട്മെന്റില്‍ അല്‍പനേരം കാത്തിരിക്കാനും പറഞ്ഞു.

തുടര്‍ന്ന് സ്ഥലത്തെത്തിയ നാല് നൈജീരിയന്‍ സ്വദേശികളായ പുരുഷന്മാര്‍ ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നാലോ അഞ്ചോ സ്‍ത്രീകളും ഇവര്‍ക്കൊപ്പം തന്നെ മര്‍ദിച്ചുവെന്ന് യുവാവ് പറഞ്ഞു. കൈകള്‍ കെട്ടിയ ശേഷം തന്നെ നഗ്നനാക്കുകയും ഒരു സ്‍ത്രീ തന്റെ സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിക്കുകയുമായിരുന്നു. മറ്റുള്ളവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി. തന്റെ ഫോണിലെ ബാങ്കിങ് ആപ്ലിക്കേഷന്‍ തുറക്കാനും ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്‍ നമ്പര്‍ നല്‍കാനും ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ചു. കണ്ണിലും ചെവിയിലും വരെ മര്‍ദനമേറ്റു.

അല്‍പനേരം പ്രതിരോധിച്ചെങ്കിലും പിന്നീട് പിന്‍ നമ്പര്‍ നല്‍കി. മൂന്ന് സ്‍ത്രീകള്‍ കാര്‍ഡുകളുമായി പണം പിന്‍വലിക്കാന്‍ പുറത്തേക്ക് പോയി എന്നാല്‍ ഇവര്‍ തിരികെ വന്ന് പിന്‍ നമ്പര്‍ തെറ്റാണെന്ന് അറിയിച്ചു. ഇതോടെ വീണ്ടും സ്വകാര്യ ഭാഗങ്ങളില്‍ തിളച്ച വെള്ളമൊഴിച്ചു. ആക്രമണത്തില്‍ യുവാവിന് രണ്ടാം ഡിഗ്രിയിലുള്ള പൊള്ളലേറ്റിട്ടുണ്ട്. ബോധരഹിതനായ യുവാവിന് പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ രണ്ട് പേര്‍ മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. ഇവരും അല്‍പസമയം കഴിഞ്ഞ് സ്ഥലംവിട്ടു.

ഏറെനേരെ കഴിഞ്ഞ് ശക്തി സംഭവിച്ച് യുവാവ് പുറത്തിറങ്ങുകയായിരുന്നു. കെട്ടിടത്തിന്റെ താഴെയെത്തിയ ഇയാള്‍ അവിടെ കണ്ട പൊലീസ് പട്രോള്‍ സംഘത്തെ കാര്യം അറിയിച്ചു. സമാന രീതിയില്‍ പീഡനമേല്‍ക്കുകയും പണം നഷ്‍ടമാവുകയും ചെയ്‍ത ഒരു ഇന്ത്യക്കാരനും ഈ സമയം പൊലീസ് സംഘത്തോട് കാര്യങ്ങള്‍ വിവരിക്കുന്നുണ്ടായിരുന്നു. യുവാവിനെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്ക് ആക്രമണം കാരണം 10 ശതമാനം സ്ഥിര വൈകല്യം സംഭവിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് നാല് നൈജീരിയക്കാരെ അറസ്റ്റ് ചെയ്‍തു. എല്ലാവരും 24നും 35നും ഇടയില്‍ പ്രായമുള്ളവരാണ്. തടങ്കലില്‍വെയ്ക്കല്‍, മോഷണം, ലൈംഗിക പീഡനം, ശാരീരിക ഉപദ്രവം, വൈകല്യമുണ്ടാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ അടുത്ത വിചാരണ മാര്‍ച്ച് 23ലേക്ക് കോടതി നിശ്ചയിച്ചു.

click me!