
ദുബൈ: മാസ്‍ക് ധരിക്കാന്‍ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച വിദേശിക്കെതിരെ ദുബൈയില്‍ നടപടി. 48 വയസുള്ള യൂറോപ്യന്‍ സ്വദേശിയാണ് ജെബിആര്‍ റോഡില്‍ വെച്ച് രണ്ട് പൊലീസുകാരെ മര്‍ദിച്ചത്. ഫെബ്രുവരി 11ന് രാത്രി 11.30നായിരുന്നു സംഭവം. സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നുവെന്നും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.
നേരത്തെ കേസ് പരിഗണിച്ച കീഴ്‍കോടതി, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ആറ് മാസം ജയില്‍ ശിക്ഷ വിധിക്കുകയും ചെയ്‍തിരുന്നു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്താനും കീഴ്‍കോടതി നിര്‍ദേശിച്ചു. ഇത് ചോദ്യം ചെയ്‍താണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്.
സ്ഥലത്ത് പട്രോളിങ് ചുമതലയിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ പ്രതിയോട് മാസ്‍ക് ധരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പ്രകോപിതനായത്. ഉദ്യോഗസ്ഥരില്‍ ഒരാളെ മര്‍ദിച്ച് നിലത്ത് തള്ളിയിടുകയും അയാളുടെ നെഞ്ചില്‍ കയറിയിരുന്ന് മര്‍ദിക്കുകയും ചെയ്‍തു. ഇതേസമയം പ്രതിയെ വിലങ്ങണിയിക്കാന്‍ ശ്രമിച്ച രണ്ടാമത്തെ ഉദ്യോഗസ്ഥനെയും മര്‍ദിച്ചു. രണ്ട് പൊലീസുകാരും ചേര്‍ന്ന് പിന്നീട് പ്രതിയെ കീഴ്‍പ്പെടുത്തുകയും വിലങ്ങണിയിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്‍തു.
താന്‍ പൊലീസിനെയും നിയമത്തെയും ബഹുമാനിക്കുന്ന ആളാണെന്നും ഉദ്യോഗസ്ഥരെ മര്‍ദിച്ചെന്നത് വാസ്‍തവ വിരുദ്ധമാണെന്നുമാണ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതിയുടെ വാദം. തനിക്കെതിരെ കീഴ്‍കോടതി വിധിച്ച ശിക്ഷകള്‍ റദ്ദാക്കണമെന്നാണ് ഇയാളുടെ ആവശ്യം. കേസില്‍ അപ്പീല്‍ കോടതി അടുത്ത ദിവസങ്ങളില്‍ വിധി പറയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam