ദുബായില്‍ വ്യാജ പാര്‍ക്കിങ് ടിക്കറ്റുകള്‍ നിര്‍മ്മിച്ച ഇന്ത്യക്കാരന്‍ പിടിയില്‍

By Web TeamFirst Published Jul 27, 2018, 4:48 PM IST
Highlights

ഒറിജിനല്‍ പാര്‍ക്കിങ് ടിക്കറ്റിന്റെ മാതൃകയില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ ടിക്കറ്റ് തയ്യാറാക്കുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു.

ദുബായ്: റോഡ് ട്രാന്‍സ്പോര്‍ട്ട് അതോരിറ്റി നല്‍കുന്ന പാര്‍ക്കിങ് ടിക്കറ്റുകളുടെ മാതൃകയില്‍ വ്യാജ ടിക്കറ്റ് നിര്‍മ്മിച്ച ഇന്ത്യക്കാരന്‍ പിടിയില്‍. പാര്‍ക്കിങ് ഫീസ് നല്‍കാതിരിക്കാനാണ് 25കാരനായ ഇന്ത്യക്കാര്‍ ഫോട്ടോഷോപ്പ് പരീക്ഷിച്ച് കുടുങ്ങിയത്.

അല്‍ റഫയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പാര്‍ക്കിങ് ഇന്‍സ്പെക്ടറാണ് യുവാവിനെ പിടികൂടിയത്. കാറിന്റെ മുന്നില്‍ പതിച്ചിരുന്ന പാര്‍ക്കിങ് ടിക്കറ്റ് ഒറിജിനല്‍ പോലെ തോന്നിപ്പിച്ചുവെങ്കിലും വിശദമായി പരിശോധിച്ച ഇന്‍സ്പെക്ടര്‍ക്ക് ഇത് വ്യാജമാണെന്ന് മനസിലായി. തുടര്‍ന്ന് അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാഹനത്തിന്റെ ഉടമയെ വിളിച്ചുവരുത്തി. 

ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയും താമസ സ്ഥലം പരിശോധിക്കുകയും ചെയ്തു. ഒറിജിനല്‍ പാര്‍ക്കിങ് ടിക്കറ്റിന്റെ മാതൃകയില്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ ടിക്കറ്റ് തയ്യാറാക്കുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഫീസ് നല്‍കാതിരിക്കാനായി ഇത് കാറുകളില്‍ പതിക്കുകയായിരുന്നു. താമസ സ്ഥലത്ത് നിന്നു രണ്ട് വ്യാജ ടിക്കറ്റുകള്‍ കൂടി കണ്ടെത്തുകയും ചെയ്തു.  കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. കേസ് അടുത്ത മാസത്തേക്ക് മാറ്റി വെച്ചിരിക്കുകയാണിപ്പോള്‍.

click me!