150 ദിര്‍ഹത്തിന്റെ പേരില്‍ ലൈംഗിക തൊഴിലാളിയെ കൊന്നു; യുവാവിന് ദുബായ് കോടതി ശിക്ഷ വിധിച്ചു

By Web TeamFirst Published Feb 16, 2019, 3:25 PM IST
Highlights

യുവതിയെ കൊലപ്പെടുത്തണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധത്തില്‍ സംഭവിച്ച് പോയതാണെന്നുമായിരുന്നു പ്രതി ദുബായി ഫസ്റ്റ് ഇന്‍സ്റ്റന്റ്‍സ് കോടതിയില്‍ വാദിച്ചത്. അല്‍ മുറഖബയില്‍ വെച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 

ദുബായ്: ലൈംഗിക തൊഴിലാളിയായിരുന്ന ആഫ്രക്കന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ദുബായ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. യുവതിയുടെ ഫ്ലാറ്റില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം 150 ദിര്‍ഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയായ പാകിസ്ഥാന്‍ പൗരനെ 25 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താനും കോടതി ഉത്തരവിട്ടു.

യുവതിയെ കൊലപ്പെടുത്തണമെന്ന് താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധത്തില്‍ സംഭവിച്ച് പോയതാണെന്നുമായിരുന്നു പ്രതി ദുബായി ഫസ്റ്റ് ഇന്‍സ്റ്റന്റ്‍സ് കോടതിയില്‍ വാദിച്ചത്. അല്‍ മുറഖബയില്‍ വെച്ച് കഴിഞ്ഞ വര്‍ഷമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പ്രതി ബാത്ത്‍റൂമില്‍ പോയി തിരികെ വന്നപ്പോള്‍ പഴ്സിലുണ്ടായിരുന്ന 150 ദിര്‍ഹം നഷ്ടമായെന്ന് കണ്ടെത്തി. ഇത് യുവതി എടുത്തതാണെന്ന് പറഞ്ഞ് ഇരുവരും തമ്മില്‍ വാക്കേറ്റമായി. പണം തിരികെ നല്‍കാന്‍ വിസമ്മതിച്ച സ്ത്രീ, വേഗം തന്റെ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും അല്ലെങ്കില്‍ പൊലീസില്‍ അറിയിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഇവരെ കഴുത്ത്മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ പഴ്സും പണവും മൊബൈല്‍ ഫോണുകളും ഇയാള്‍ കൈക്കലാക്കി.

ദിവസങ്ങള്‍ക്ക് ശേഷം യുവതിയുടെ ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ബാത്ത് റൂമിന് സമീപം അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിന്റെ താക്കോലും മൊബൈല്‍ ഫോണും നഷ്ടമായെന്ന് തിരിച്ചറിഞ്ഞ പൊലീസ് കൊലപാതകമാണെന്ന് ഉറപ്പിച്ചു. ഇവരുടെ മൊബൈല്‍ ഫോണിലേക്ക് അവസാനം വന്ന കോള്‍ പിന്തുടര്‍ന്നാണ് അല്‍ ഐനില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒരു മൊബൈല്‍ ഫോണ്‍ ഇയാള്‍ വില്‍ക്കുകയും ചെയ്തിരുന്നു. വിചാരണ പൂര്‍ത്തിയാക്കി കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 15 ദിവസത്തിനകം ഇയാള്‍ക്ക് അപ്പീല്‍ നല്‍കാന്‍ സാധിക്കും.

click me!