ഓഫീസിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി; യുഎഇയില്‍ പ്രവാസിക്കെതിരെ കോടതി നടപടി

By Web TeamFirst Published Nov 17, 2020, 9:33 PM IST
Highlights

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ദുബൈ പൊലീസ് ഓഫീസിലെ അക്കൗണ്ടന്റിന്റെ മുറിയിലെത്തിയപ്പോള്‍ പെട്രോളുമായി അവിടെ നില്‍ക്കുന്ന മാനേജരെ കണ്ടു. പണം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞു.

ദുബൈ: കിട്ടാനുള്ള പണം തൊഴിലുടമ നല്‍കിയില്ലെന്നാരോപിച്ച് ദുബൈയില്‍ പ്രവാസി മാനേജര്‍ ഓഫീസിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 27കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് ദുബൈയിലെ റെഫാ ഏരിയയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

പെട്രോളുമായി ഓഫീസിലെത്തിയ ബംഗ്ലാദേശി മാനേജര്‍ തൊഴിലുടമ തരാനുള്ള കുടിശ്ശിക പണം തന്നില്ലെങ്കില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ദുബൈ പൊലീസ് ഓഫീസിലെ അക്കൗണ്ടന്റിന്റെ മുറിയിലെത്തി. പെട്രോളുമായി അവിടെ നില്‍ക്കുന്ന മാനേജരെ കണ്ടെന്നും പണം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പറഞ്ഞതായും 42കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇയാള്‍ ഓഫീസിലെത്തിയതെന്ന് 32കാരനായ ഈജിപ്ത് സ്വദേശി അക്കൗണ്ടന്‍റ് പറഞ്ഞു. ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയെന്നും ഈജിപ്ത് സ്വദേശി കൂട്ടിച്ചേര്‍ത്തു. 

ഭീഷണിപ്പെടുത്തുകയും ബ്ലാക്‌മെയില്‍ ചെയ്യുകയും ചെയ്ത പ്രവാസി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ ഭീഷണിക്ക് കുറ്റം ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. നവംബര്‍ 24നാണ് കേസിലെ അടുത്ത വാദം. 
 

click me!