
ദുബായ്: ദുബായിലെ അല്‍ ഖുസൈസില്‍ രണ്ട് ഗോഡൗണുകള്‍ക്ക് തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. തീ നിയന്ത്രണ വിധേയമാക്കിയെന്ന് അറിയിച്ച അഗ്നിശമന സേന, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി.
ഷാര്‍ജ അതിര്‍ത്തിക്ക് സമീപം അല്‍ ഖുസൈസിലെ ടയര്‍ ഗോഡൗണുകള്‍ക്കാണ് തീപിടിച്ചത്. ടയറുകള്‍ക്ക് തീപിടിച്ചതോടെ നഗരത്തില്‍ കനത്ത പുക നിറഞ്ഞു. ഉച്ചയ്ക്ക് 2.31നാണ് തങ്ങള്‍ക്ക് തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ ഖുസൈസ്, അല്‍ ഹംരിയ, അല്‍ കരാമ എന്നിവിടങ്ങളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. പിന്നീട് അല്‍ അല്‍ ബര്‍ഷ, നാദ് അല്‍ ഷെബ, അല്‍ മെസെര്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകളെത്തിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഗോഡൗണുകളിലും പരിസരത്തും ഉണ്ടായിരുന്ന എല്ലാവരെയും സുരക്ഷതമായി ഒഴിപ്പിക്കാന്‍ സാധിച്ചുവെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. നാല് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. പിന്നീട് വൈകുന്നേരം 6.30 മുതല്‍ കൂടുതല്‍ വെള്ളം പമ്പ് ചെയ്ത് കെട്ടിടം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ദുബായ് സിവില്‍ ഡിഫന്‍സ് അഗ്നിശമന സേനാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ അലി ഹസന്‍ അല്‍ മുത്‍വ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. മറ്റ് ഗോഡൗണുകളിലേക്ക് തീ പടരാതെ നിയന്ത്രിച്ച ഉദ്യോഗസ്ഥരെ അസിസ്റ്റന്റ് ഡയറക്ടര്‍ അഭിനന്ദിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ദുബായ്-ഷാര്‍ജ റോഡില്‍ ഏറെനേരം ഗതാഗതക്കുരുക്കുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam