യുഎഇയില്‍ രണ്ടിടങ്ങളില്‍ വന്‍ തീപിടുത്തം

By Web TeamFirst Published Jun 22, 2019, 10:10 AM IST
Highlights

ഷാര്‍ജയിലെയും അജ്മാനിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലുണ്ടായ തീപിടുത്തം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയത്.

ഷാര്‍ജ: യുഎഇയില്‍ രണ്ടിടങ്ങളിലാണ് വെള്ളിയാഴ്ച വന്‍ തീപിടുത്തങ്ങളുണ്ടായത്. ഷാര്‍ജയിലെയും അജ്മാനിലെയും ഇന്‍ഡസ്ട്രിയല്‍ ഏരിയകളിലുണ്ടായ തീപിടുത്തം മണിക്കൂറുകള്‍ പരിശ്രമിച്ചാണ് അഗ്നിശമന സേന നിയന്ത്രണ വിധേയമാക്കിയത്.

അജ്മാനിലെ ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തടിയും ബോഡുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിലായിരുന്നു തീപിടുത്തം. തൊട്ടടുത്ത കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാനും പിന്നീട് നിയന്ത്രണ വിധേയമാക്കാനും സാധിച്ചതായി അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് മുഗ്‍ലദ് പറഞ്ഞു. വൈകുന്നേരം 4.30ഓടെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ ഏഴ് മണിയോടെയാണ് തീകെടുത്തിയത്. പിന്നീട് ഗോഡൗണിന്റെ ഭാഗങ്ങള്‍ തണുപ്പിക്കാനുള്ള നടപടികള്‍ രാത്രി ഏറെ വൈകിയും തുടര്‍ന്നു.

ഷാര്‍ജയില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ 6ല്‍ വൈകുന്നേരം 3.30ഓടെയായിരുന്നു തീപിടിച്ചത്. വേഗത്തില്‍ തീപിടിക്കാന്‍ സാധ്യതയുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ അഗ്നി വിഴുങ്ങുകയായിരുന്നു. 3.45ന് തങ്ങള്‍ക്ക് സംഭവം സംബന്ധിച്ച് വിവരം കിട്ടിയെന്നും തുടര്‍ന്ന് എമിറേറ്റിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും അഗ്നിശമന സേനയെ സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നുമാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സമി അല്‍ നഖ്‍ബി പറഞ്ഞത്.

രണ്ട് സംഭവങ്ങളിലും ആളപയാമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടിട്ടില്ല. ഗോഡൗണുകളുടെ ഉടമസ്ഥര്‍ തീപിടുത്തം പ്രതിരോധിക്കാനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

click me!