പ്രവാസികളെ കാണാനെത്തി, ദുബൈ ഫ്രേമിൽ ഊഞ്ഞാലാടുന്ന മാവേലി; സദ്യയുടെ ചിത്രം പോസ്റ്റ് ചെയ്ത് ശൈഖ് ഹംദാന്റെ ഓണാശംസ

By Web TeamFirst Published Aug 30, 2023, 6:53 AM IST
Highlights

ഇപ്പോള്‍ യുകെയിലെ ഷോര്‍ക്ഷെയറില്‍ അവധിക്കാലം ചെലവഴിക്കുന്ന ശൈഖ് ഹംദാന്‍ അവിടെ ഓണസദ്യയുണ്ടോ എന്ന് അറിയില്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള  അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസികളുടെ മനം കവര്‍ന്നു.

ദുബൈ: ലോകം മുഴുവനുമുള്ള മലയാളികള്‍ ഓണം ആഘോഷിച്ചപ്പോള്‍ നിരവധി മലയാളികളുള്ള ദുബൈയില്‍ എത്തിയിരിക്കുകയാണ് മാവേലി. ദുബൈയുടെ മുഖമുദ്രകളിലൊന്നായ ദുബൈ ഫ്രേമില്‍ ഊഞ്ഞാലാടുന്ന മാവേലിയുടെ വീഡിയോയാണ് ഓണ ദിവസം സോഷ്യല്‍ മീഡിയയില്‍ താരമായത്. ഒരു പരസ്യ കമ്പനിയുടെ ആശയം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മാവേലി തന്റെ രണ്ടാമത്തെ വീട് സന്ദര്‍ശിക്കാന്‍ ദുബൈയിലെത്തിയെന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പലരുടെയും വാട്സ്ആപ് സ്റ്റാറ്റസായി മാറിയത്.

അതേസമയം ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഓണ സദ്യയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ആശംസകള്‍ നേര്‍ന്നത്. ഇപ്പോള്‍ യുകെയിലെ ഷോര്‍ക്ഷെയറില്‍ അവധിക്കാലം ചെലവഴിക്കുന്ന ശൈഖ് ഹംദാന്‍ അവിടെ ഓണസദ്യയുണ്ടോ എന്ന് അറിയില്ലെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയുള്ള  അദ്ദേഹത്തിന്റെ ഓണാശംസകള്‍ പ്രവാസികളുടെ മനം കവര്‍ന്നു.

പ്രവൃത്തി ദിനമായിരുന്ന ചൊവ്വാഴ്ച സാധ്യമാവുന്നവര്‍ അവധിയെടുത്തും അല്ലാത്തവര്‍ ജോലി സമയങ്ങളിലെ ഇടവേളകളിലും ജോലി കഴിഞ്ഞുള്ള സമയങ്ങളിലുമായും പ്രവാസികള്‍ ഓണം ആഘോഷിച്ചു. നാട്ടിലെ ഓണാഘോഷം ഏതാനും ദിവസങ്ങള്‍ കൊണ്ട് അവസാനിക്കുമെങ്കില്‍ ഗള്‍ഫില്‍ ഇനി ഓണത്തോട് അനുബന്ധിച്ചുള്ള പരിപാടികള്‍ മാസങ്ങളോളം നീളും. മലയാളികള്‍ കൂടുതലുള്ള ഓഫീസുകളില്‍ ഓണസദ്യ വിളമ്പിയും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചും ഓണം ആഘോഷിച്ചു.

യുഎഇയിലെ നിരവധി റസ്റ്റോറന്റുകള്‍ പതിവ് പോലെ വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. പാര്‍സലുകളാക്കി ഓഫീസുകളിലും വീടുകളിലും സദ്യ എത്തിച്ച് ഓണം കെങ്കേമമാക്കി. ഇന്നും ഇനിയുള്ള ഏതാനും ദിവസങ്ങളിലുമെല്ലാം റസ്റ്ററന്റുകള്‍ സദ്യ തയ്യാറാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പച്ചക്കറികളുടെ വിലക്കയറ്റം മൂലം ഓണസദ്യയ്ക്ക് വില കൂടിയെങ്കിലും ഇത്തവണയും ഓര്‍ഡറുകള്‍ക്ക് കുറവൊന്നുമുണ്ടായില്ലെന്ന് റസ്റ്റോറന്റ് ജീവനക്കാരും ഉടമകളും പറയുന്നു.

ഗള്‍ഫിലെ ഓണാഘോഷങ്ങള്‍ക്കായി മാത്രം കേരളത്തില്‍ നിന്ന് 6200 ടണ്ണിലധികം പഴം -  പച്ചക്കറികള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം കയറ്റുമതി ചെയ്തു. സാധാരണ ഉത്സവ സീസണുകളില്‍ ഇത് പതിവുള്ളത് തന്നെയാണിതെന്ന് വ്യാപാരികള്‍ പറയുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്തവണ വലിയ വിമാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് ഇക്കുറി കൂടുതല്‍ സാധനങ്ങള്‍ ഗള്‍ഫിലേക്ക് വിമാനം കയറിയതെന്നു മാത്രം. 

Read also:  തിരുവോണ ദിനത്തില്‍ 'തിരക്കോണം'; നിറഞ്ഞ് കലാവേദികള്‍, ജനനിബിഢമായി തലസ്ഥാന നഗരം

click me!