ഖഷോഗിയുടെ തിരോധാനം: സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് സൗദി അറേബ്യ

By Web TeamFirst Published Oct 15, 2018, 12:17 AM IST
Highlights

ഖഷോഗി കൊല്ലപ്പെട്ടതായി തെളിഞ്ഞാൽ സൗദി അറേബ്യയ്ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാൻ അമേരിക്കയും യൂറോപ്യൻ നയതന്ത്രജ്ഞരും ആലോചിക്കുന്നുണ്ട്

ദമാം: ഖഷോഗി സംഭവത്തിൽ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് സൗദി അറേബ്യ. ലോകരാഷ്ട്രങ്ങൾ നടപടിയെടുത്താൽ ഇരട്ടിയായി തിരിച്ചടിക്കുമെന്നാണ് സൗദിയുടെ ഔദ്യോഗിക നിലപാട്. സൗദിയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സമ്മേളനം ബഹിഷ്കരിക്കാൻ അമേരിക്കയും ബ്രിട്ടനും ആലോചിക്കുന്നതിനിടെയാണ് സൗദിയുടെ പ്രതികരണം.

ഖഷോഗി സംഭവത്തെത്തുടർന്ന് സ്പോൺസർമാരും മാധ്യമ സംഘങ്ങളും സമ്മേളനത്തിൽനിന്ന് പിൻമാറുന്നതായി അറിയിച്ചിരുന്നു. ഖഷോഗി കൊല്ലപ്പെട്ടതായി തെളിഞ്ഞാൽ സൗദി അറേബ്യയ്ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാൻ അമേരിക്കയും യൂറോപ്യൻ നയതന്ത്രജ്ഞരും ആലോചിക്കുന്നുണ്ട്.

പക്ഷേ, ഒരുതരത്തിലെ സമ്മർദത്തിനും വഴങ്ങില്ലെന്നാണ് സൗദി അറേബ്യയുടെ നിലപാട്. സത്യം പുറത്തുവരണമെന്ന് സൗദി ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ അന്വേഷണത്തോട് സഹകരിക്കാൻ രാജ്യം തയ്യാറായിട്ടില്ല. എല്ലാം കെട്ടിച്ചമച്ചതാണെന്ന് പറയുന്ന സൗദി അറേബ്യ വിരൽ ചൂണ്ടുന്നത് മുസ്ലിം ബ്രദ‍ർഹുഡിനും സൗദി അറേബ്യ ഖത്തർ തർക്കത്തിൽ ഖത്തറിനെ പിന്തുണയ്ക്കുന്ന തു‍ർക്കിയ്ക്കും നേരെയാണ്.

ഖഷോഗിയെ വധിച്ചതിന്റെ ദൃശ്യങ്ങളടക്കം തുർക്കി, പടിഞ്ഞാറൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറിയിരുന്നു. പ്രതിരോധിക്കുന്നെങ്കിലും ആരോപണങ്ങൾ തെറ്റാണെന്നുള്ള തെളിവൊന്നും സൗദി അറേബ്യ നൽകുന്നില്ല. പരിഷ്കരണവാദിയെന്ന് പേരെടുത്ത സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ പ്രതിഛായയ്ക്ക് ഖഷോഗി വിവാദം കളങ്കമേൽപ്പിച്ചിരിക്കയാണ്.

തുർക്കി നൽകിയ തെളിവുകൾ പുറത്തുവിട്ടാൽ കാര്യങ്ങൾ പിടിവിട്ടുപോകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. വാഷിങ്ടണ്‍ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി എംബസിയില്‍ വച്ച് കാണാതാവുകയായിരുന്നു. ജമാൽ ഖഷോഗി എംബസിയിൽ നിന്ന് പുറത്തേക്ക് പോയെങ്കിൽ അത് തെളിയിക്കാനുള്ള ബാധ്യത സൗദിക്കുണ്ടെന്ന് തുർക്കി പ്രസിഡന്‍റ് തയ്യിബ് എർദോഗൻ പ്രതികരിച്ചിരുന്നു. 

click me!