കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ പരിശോധന കര്‍ശനമാക്കുന്നു

By Web TeamFirst Published May 28, 2019, 11:56 PM IST
Highlights

2017, 2018 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അടക്കം എത്തിയ നിരവധി പേര്‍ക്ക് സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്ന വിദേശികളുടെ ആരോഗ്യ പരിശോധന കര്‍ശനമാക്കുന്നു. നിരവധി പേര്‍ക്ക് സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. കുവൈത്തിലേക്ക് വരുന്നതിനു മുന്നോടിയായി നാട്ടില്‍ നടത്തുന്ന ആരോഗ്യ ക്ഷമത പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

2017, 2018 വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അടക്കം എത്തിയ നിരവധി പേര്‍ക്ക് സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. 2017 ല്‍ ഇന്ത്യയില്‍ നിന്നും കുവൈത്തില്‍ എത്തിയ 297 പേര്‍ക്കാണു കുവൈത്ത് ആരോഗ്യ മന്ത്രാലയം നടത്തിയ പരിശോധനയില്‍ സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയത്.ഇവരില്‍ 8 പേര്‍ ഐഡ്‌സ് ബാധിതരും 173 പേര്‍ ക്ഷയ ബാധിതരുമാണ്.

മന്ത്, മഞ്ഞ പിത്തം മുതലായ രോഗങ്ങള്‍ ഉള്ളവരും കൂട്ടത്തിലുണ്ട്. 2018 ല്‍ ഇത്തരം രോഗ ബാധിതരായ 433 പേരാണു രാജ്യത്ത് പ്രവേശിച്ചത്.ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ് ,ഫിലിപ്പീന്‍സ് , പാകിസ്ഥാന്‍ മുതലായ രാജ്യങ്ങളില്‍ നിന്നുള്ളവരാണു ഭൂരി ഭാഗവും. ഇത് സംബന്ധിച്ച് പാര്‍ലമെന്റില്‍ ഉയര്‍ന്ന ചോദ്യത്തിനു ആരോഗ്യ മന്ത്രി ബാസില്‍ അല്‍ സബാഹ് ആണു ഇക്കാര്യം വ്യക്തമാക്കിയത്.

നാട്ടില്‍ നടത്തുന്ന വൈദ്യ പരിശോധനാ ഫലം കൃത്യമായി പരിശോധിച്ചതിനു ശേഷമേ വിസാ സ്റ്റാമ്പിംഗ് അനുവദിക്കാന്‍ പാടുള്ളുവെന്ന് അതാത് രാജ്യങ്ങളിലെ കുവൈത്ത് എംബസിക്ക് നിര്‍ദ്ദേശം നല്‍കിയതായി അദ്ധേഹം പറഞ്ഞു. വൈദ്യ പരിശോധനയില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഓരോ കേസിനും 500 ദിനാര്‍ വീതം പിഴ ചുമത്തുമെന്നും മന്ത്രി വ്യക്തമാക്കി.

click me!