
അബുദാബി: യുഎഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് അഞ്ച് പെട്ടി സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ അപ്പീലുമായി കോടതിയെ സമീപിച്ചു. ഇറാന്‍ പൗരന്മാരായ മൂന്ന് പേരാണ് വ്യാജ രേഖകള്‍ നല്‍കി സ്വര്‍ണ്ണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായത്. ഇവര്‍ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
അബുദാബിയിലെ സെന്‍ട്രല്‍ ബാങ്കിലെത്തിയശേഷം തങ്ങള്‍ക്ക് അഞ്ച് പെട്ടി സ്വര്‍ണ്ണം അവിടെ നിക്ഷേപമുണ്ടെന്ന് തെളിയിക്കുന്ന ചില രേഖകള്‍ നല്‍കുകയായിരുന്നു. നിക്ഷേപം തിരികെ വാങ്ങാന്‍ വന്നതാണെന്നും ഇവര്‍ അറിയിച്ചു. രേഖകള്‍ പരിശോധിക്കാന്‍ സമയം വേണമെന്ന് പറഞ്ഞ ബാങ്ക് ഉദ്ദ്യോഗസ്ഥര്‍ ഇവരോട് അല്‍പ്പനേരം ഇരിക്കാന്‍ ആവശ്യപ്പെട്ടു. പരിശോധനയില്‍ രേഖകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് ബാങ്കില്‍ നിക്ഷേപമൊന്നും ഉണ്ടായിരുന്നില്ല. ഇക്കാര്യം ബാങ്ക് ജീവനക്കാര്‍ സുരക്ഷാ ഉദ്ദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസ് പരിഗണിച്ച അബുദാബി ക്രിമിനല്‍ കോടതി, രണ്ട് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് മൂന്നാമന്‍ വാദിച്ചു. ഇംഗ്ലീഷോ അറബിയോ അറിയാത്ത പ്രതികള്‍ക്ക് വിവര്‍ത്തനം ചെയ്യാന്‍ വേണ്ടി മാത്രമാണ് താന്‍ ഒപ്പം വന്നതെന്നായിരുന്നു ഇയാളുടെ വാദം. ഇറാനില്‍ വെച്ച് ഒരാള്‍ തങ്ങള്‍ക്ക് തന്ന രേഖകളാണെന്നും അത് വ്യാജമാണെന്ന് അറിയില്ലായിരുന്നെന്നുമാണ് പ്രതികളും വാദിച്ചത്. രേഖകള്‍ നല്‍കിയ ആളിന് സ്വര്‍ണ്ണം എടുത്തുനല്‍കാന്‍ മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും പ്രതികള്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam