സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് കേന്ദ്രമന്ത്രി മസ്‍കത്തില്‍

By Web TeamFirst Published Jan 14, 2020, 4:57 PM IST
Highlights

ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂറിനെ സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ അനുശോചനം അറിയിച്ചു. 

മസ്‍കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്‍ദിന്റെ നിര്യാണത്തില്‍ അനുശോചനമറിയിക്കാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്‍താര്‍ അബ്ബാസ് നഖ്‍വി ഒമാനിലെത്തി. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂറിനെ സന്ദര്‍ശിച്ച അദ്ദേഹം ഇന്ത്യന്‍ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരില്‍ അനുശോചനം അറിയിച്ചു. സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചുകൊണ്ടുശ്ശ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്തും മുഖ്‍താര്‍ അബ്ബാസ് നഖ്‍വി ഒമാന്‍ ഭരണാധികാരിക്ക് കൈമാറി. 

സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ഇന്ത്യ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. സുല്‍ത്താന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നേരത്തെ അനുശോചിച്ചു. സമാധാനത്തിന്റെ ദീപസ്തംഭം എന്നാണ്  മോദി അദ്ദേഹത്തെക്കുറിച്ച് പരാമർശിച്ചത്. ''സുൽത്താൻ ഖാബൂസ് ബിൻ സയിദിന്റെ നിര്യാണ വാർത്ത കേട്ടപ്പോൾ‍ ഞാൻ അതീവദുഖിതനായി. ഒമാനെ പുരോഗതിയിലെക്ക് നയിച്ച, ദീർഘവീക്ഷണമുളള നേതാവായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു.  ഇന്ത്യയും ഒമാനും തമ്മിൽ ഊർജ്ജസ്വലവും തന്ത്രപരവുമായ പങ്കാളിത്തം വളർത്താൻ ശക്തമായ നേതൃത്വം നൽകിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിൽ നിന്ന് ലഭിച്ച സ്നേഹവും വാത്സല്യവും വിലമതിക്കാനാവാത്ത വിധത്തിൽ എന്നും നിലനിൽക്കും. ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.'' മോദി ട്വിറ്ററിൽ കുറിച്ചു.

click me!