ഒമാനില്‍ തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ക്ക് അറിയിപ്പുമായി മന്ത്രാലയം

By Web TeamFirst Published Nov 10, 2020, 4:22 PM IST
Highlights

പാസ്സ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ അതാത് രാജ്യത്തിന്റെ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും മടക്ക യാത്രക്ക് മുന്‍പേ പാസ്‌പോര്ട്ട്  പുതുക്കണമെന്നും ഒമാന്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

മസ്‌കറ്റ്: തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ് ഒമാനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ രാജ്യം വിട്ടു പോകുന്നതിന്  ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെയാണ് രാജ്യത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്കായി മന്ത്രാലയം ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.

തൊഴില്‍ രേഖകളുടെ കാലാവധി കഴിഞ്ഞ് രാജ്യത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ മടങ്ങി പോകുകയാണെങ്കില്‍ തൊഴില്‍ രേഖകളുമായി ബന്ധപ്പെട്ട പിഴയില്‍ നിന്നും ഒഴിവാക്കുമെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നത്. പാസ്സ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ പ്രവാസികള്‍ അതാത് രാജ്യത്തിന്റെ സ്ഥാനപതി കാര്യാലയത്തില്‍ നിന്നും മടക്ക യാത്രക്ക് മുന്‍പേ പാസ്‌പോര്ട്ട്  പുതുക്കണമെന്നും ഒമാന്‍ തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

മസ്‌കറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന തൊഴില്‍  മന്ത്രാലയ ഓഫീസില്‍ നിന്നും മടക്ക യാത്രക്കുള്ള രേഖകള്‍  തയ്യാറാക്കുവാന്‍  കഴിയുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. എന്നാല്‍ ഒമാനില്‍  കൊവിഡ് വ്യാപനം മൂര്‍ച്ഛിച്ച  മാര്‍ച്ച് മാസത്തിനു മുന്‍പ് തൊഴില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ  ആനുകൂല്യം പ്രയോജനപ്പെടുത്തുവാന്‍ കഴിയുമോ എന്നതില്‍  വ്യക്തത വന്നിട്ടില്ല.

click me!