സൗദി ശൂറാ കൗണ്‍സില്‍ യോഗം നാളെ സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യും

By Web TeamFirst Published Nov 10, 2020, 3:54 PM IST
Highlights

രാജ്യത്തിന്റെ ആഭ്യന്തരവും വിദേശീയവുമായ നയങ്ങളും സുപ്രധാന പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങളും വിഷയങ്ങളും അവയില്‍ സൗദിയുടെ ഔദ്യോഗിക നിലപാടുകളും രാജാവിന്റെ പ്രസംഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിയാദ്: സൗദി പാര്‍ലമെന്റായ ശൂറാ കൗണ്‍സിലിന്റെ എട്ടാം സെഷെന്റ ആദ്യയോഗം ബുധനാഴ്ച ആരംഭിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉദ്ഘാടനം ചെയ്യും. ശൂറാ കൗണ്‍സിലിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പ്രഥമയോഗത്തിലൂടെ തുടക്കം കുറിക്കുക.

വെര്‍ച്വല്‍ സംവിധാനത്തിലൂടെ സല്‍മാന്‍ രാജാവ് ശൂറ കൗണ്‍സില്‍ അംഗങ്ങളെ അഭിസംബോധന ചെയ്യും. രാജ്യത്തിന്റെ ആഭ്യന്തരവും വിദേശീയവുമായ നയങ്ങളും സുപ്രധാന പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങളും വിഷയങ്ങളും അവയില്‍ സൗദിയുടെ ഔദ്യോഗിക നിലപാടുകളും രാജാവിന്റെ പ്രസംഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടാമത് സെഷനിലേക്ക് പുതുതായി നിയമിച്ച അംഗങ്ങള്‍ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. സല്‍മാന്‍ രാജാവിന്റെ പ്രസംഗം ശൂറാ കൗണ്‍സിലിനും അംഗങ്ങള്‍ക്കും ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖയായാണ് കണക്കാക്കുന്നതെന്ന് ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. അബ്ദുല്ല ആലുശൈഖ് പറഞ്ഞു. ഏറ്റവും നിര്‍ണായകവും സുപ്രധാനവുമായ സമയത്താണ് രാജാവിന്റെ ശൂറാ കൗണ്‍സില്‍ പ്രസംഗമെന്നതിനാല്‍ പ്രാധാന്യമേറെയാണ്. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള രാഷ്ട്രത്തലവന്‍ എന്ന നിലയിലും ജി20 ഉച്ചകോടിയുടെ അധ്യക്ഷ പദവി വഹിക്കുന്ന ഭരണാധികാരിയെന്ന നിലയിലും ആഗോള രാഷ്ട്രീയ സാമ്പത്തിക രംഗത്തെ വിദഗ്ധരടക്കമുള്ളവര്‍ ഏറെ ആകാംക്ഷയോടെയാണ് പ്രസംഗത്തിന് വേണ്ടി കാതോര്‍ക്കുന്നതെന്നും ശൂറ കൗണ്‍സില്‍ മേധാവി പറഞ്ഞു.


 

click me!