സൗദി അറേബ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്ന ബാലികയെ കണ്ടെത്തി

By Web TeamFirst Published Oct 20, 2021, 11:35 PM IST
Highlights

പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിനുകളും ആരംഭിച്ചിരുന്നു. സുരക്ഷാ വിഭാഗങ്ങളും വ്യാപക തെരച്ചില്‍ നടത്തി.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്ന ബാലികയെ കണ്ടെത്തി (Missing girl traced). 11 വയസുകാരിയായ നൌഫ് അല്‍ ഖഹ്‍താനി എന്ന സ്വദേശി പെണ്‍കുട്ടിയെയാണ് റിയാദില്‍ വെച്ച് കാണാതായത്. ചപ്പുചറവുകള്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാനായി താമസ സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നില്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്.

പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിനുകളും ആരംഭിച്ചിരുന്നു. സുരക്ഷാ വിഭാഗങ്ങളും വ്യാപക തെരച്ചില്‍ നടത്തി. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയതായും പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസാണ് അറിയിച്ചത്. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തിങ്കളാഴ്‍ച രാവിലെയാണ് റിയാദിലെ അല്‍ മുസ പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പൊലീസിന് ലഭിച്ചത്. റിയാദ് പൊലീസ് നടത്തിയ വ്യാപക  അന്വേഷണത്തിനൊടുവില്‍ കുട്ടിയെ കണ്ടെത്തി. കുട്ടി സുരക്ഷിതയാണെന്നും പ്രാരംഭ നിയമനടപടികളെല്ലാം ഇക്കാര്യത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അല്‍ കുറൈദിസ് പറഞ്ഞു. 

ദക്ഷിണ അസീറിലെ അല്‍ - ഹറജ ഗ്രാമത്തില്‍ നിന്ന് പിതാവിന്റെ മെഡിക്കല്‍ പരിശോധനകള്‍ക്കായാണ് പെണ്‍കുട്ടിയും കുടുംബവും റിയാദിലെത്തിയത്. അവിടെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് തിങ്കളാഴ്‍ച രാവിലെ പുറത്തിറങ്ങിയ പെണ്‍കുട്ടി തിരികെ വന്നില്ലെന്ന് ഒരു ബന്ധുവും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 

click me!