യുഎഇയില്‍ മൊബൈല്‍ ഫോണുകളിലെ ചിത്രങ്ങള്‍ ചോര്‍ത്തിയെടുത്ത് ബ്ലാക്മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു

By Web TeamFirst Published Apr 23, 2019, 5:01 PM IST
Highlights

ഫോണുകള്‍ വില്‍ക്കുന്നതിന് മുന്‍പ് എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്താലും ഇവ വീണ്ടെടുക്കും. പ്രതിമാസം ഷാര്‍ജ പൊലീസിന് ശരാശരി 21 ബ്ലാക് മെയിലിങ് കേസുകളാണ് ലഭിക്കുന്നത്. ഇവയില്‍ നല്ലൊരു ശതമാനവും മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ടവയാണ്. 

ഷാര്‍ജ: സര്‍വീസ് ചെയ്യാന്‍ നല്‍കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്ന് ചിത്രങ്ങളും വീഡിയോകളും ചോര്‍ത്തിയെടുത്ത് ബ്ലാക് മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി യുഎഇ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍വീസ് ചെയ്യാന്‍ നല്‍കുകയോ വില്‍ക്കുകയോ ചെയ്യുന്ന ഫോണുകളില്‍ നിന്ന് ഉപഭോക്താക്കള്‍ ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ വരെ ചില ജീവനക്കാര്‍ റിക്കവര്‍ ചെയ്തെടുത്ത ശേഷം ബ്ലാക് മെയില്‍ ചെയ്യാനായി ചില സംഘങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് ഷാര്‍ജ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഫോണുകള്‍ വില്‍ക്കുന്നതിന് മുന്‍പ് എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്താലും ഇവ വീണ്ടെടുക്കും. പ്രതിമാസം ഷാര്‍ജ പൊലീസിന് ശരാശരി 21 ബ്ലാക് മെയിലിങ് കേസുകളാണ് ലഭിക്കുന്നത്. ഇവയില്‍ നല്ലൊരു ശതമാനവും മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ടവയാണ്. സ്വകാര്യ ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറാതിരിക്കാന്‍ 10,000 ദിര്‍ഹം ആവശ്യപ്പെട്ടുകൊണ്ട് യുവതിയെ മൊബൈല്‍ ഷോപ്പിലെ സെയില്‍സ്മാന്‍ ബ്ലാക് മെയില്‍ ചെയ്ത സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

അബുദാബി സ്വദേശിയായ യുവതി തന്റെ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ നല്‍കി അഞ്ച് വര്‍ഷത്തോളം കഴിഞ്ഞാണ് അതിലെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചത്. മൊബൈല്‍ ഫോണുകള്‍ വില്‍ക്കുമ്പോള്‍ അവയിലെ വിവരങ്ങള്‍ വീണ്ടെടുക്കാനാവാത്ത വിധത്തില്‍ നശിപ്പിക്കണമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

click me!