ഖഷോഗിയെ കൊലപ്പെടുത്താന്‍ താന്‍ ഉത്തരവിട്ടെന്ന ആരോപണം കള്ളമെന്ന് സൗദി കിരീടാവകാശി

By Web TeamFirst Published Oct 1, 2019, 2:01 PM IST
Highlights

ഖഷോഗിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

ന്യൂയോര്‍ക്ക്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്താന്‍ താന്‍ ഉത്തരവിട്ടെന്ന ആരോപണം കള്ളമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സൗദിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം, സര്‍ക്കാറിന്റെ ഉപമേധാവിയായ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.  സിബിഎന്‍ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഖഷോഗിയുടെ കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രതികരിച്ചത്.

ഹീനമായ കൊലപാതകമായിരുന്നു ജമാല്‍ ഖഷോഗിയുടേതെന്നാണ് സിബിഎസ് ന്യൂസ് അഭിമുഖത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടത്. സൗദിയില്‍ 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ട്. അവര്‍ ഓരോ ദിവസവും എന്ത് ചെയ്യുന്നുവെന്നും എന്തൊക്കെ ആശയവിനിമയം നടത്തുന്നുവെന്നും തനിക്ക് സ്ഥിരമായി ശ്രദ്ധിക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു സൗദി പൗരനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ പ്രവര്‍ത്തിച്ചതിനാല്‍ അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും താന്‍ ഏറ്റെടുക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍ സൗദിക്കെതിരെ നിരവധി വ്യാജ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും അത് സങ്കടമുണ്ടാക്കുന്നതാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് ജമാല്‍ ഖഷോഗി, തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടത്.

click me!