
റിയാദ്: ആഗോള നിക്ഷേപക സമ്മേളന വേദിയില്‍ വെച്ച് ഖത്തറിനെ പ്രശംസിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഖത്തറിന്റെ വളരുന്ന സാന്പത്തിക മേഖലയാണ് സൗദി കിരീടാവകാശി സമ്മേളനത്തില്‍ പരാമര്‍ശിച്ചത്. ഒരു വര്‍ഷത്തിലേറെയായി സൗദിയും സഖ്യരാജ്യങ്ങളും ശക്തമായി ഉപരോധിക്കുമ്പോഴും സാമ്പത്തിക വളര്‍ച്ചയുടെ പേരില്‍ ഖത്തറിനെ സൗദി പ്രശംസിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി.
പശ്ചിമേഷ്യയിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴായിരുന്നു സൗദി കിരീടാവകാശി ഖത്തറിനെ പരാമര്‍ശിച്ചത്. തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങളെല്ലാം നിലനില്‍ക്കെത്തന്നെ ഖത്തറിന് അതിശക്തമായ സാമ്പത്തിക സ്ഥിതിയുണ്ട്. വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ ഖത്തര്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി പൗരന്മാരും ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിക്ഷേപകരും അടങ്ങിയ സദസ്സ് കരഘോഷത്തോടെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ വാക്കുകള്‍ സ്വീകരിച്ചത്. പുതിയ യൂറോപ്പ് മദ്ധ്യ പൂര്‍വ്വദേശത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധത്തിന് നേതൃത്വം നല്‍കിയത് സൗദി അറേബ്യയാണ്. ഖത്തറിന് ആകെ കര അതിര്‍ത്തിയുള്ളതും സൗദിയുമായാണ്. ഇത് അടച്ചതിന് പുറമെ സൗദി ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമ പാതകള്‍ ഉപയോഗിക്കുന്നതില്‍ നിന്നുപോലും ഖത്തറിനെ വിലക്കിയിരിക്കുകയാണ്. എന്നാല്‍ ഉപരോധത്തെ അതിജീവിച്ച ഖത്തറിന്റെ സാമ്പത്തിക രംഗം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഉള്‍പ്പെടെയുള്ളവയുടെ അംഗീകാരവും ഖത്തറിന് ലഭിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam