ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ ആഗോള സ്വീകാര്യത; ലോകമെമ്പാടുമുള്ള പ്രശസ്ത ഗാന്ധി സ്മാരകങ്ങള്‍

By Web TeamFirst Published Oct 2, 2021, 9:20 AM IST
Highlights

അഹിംസയില്‍ അടിയുറച്ച ഗാന്ധി ദര്‍ശനങ്ങളില്‍ പല ലോകനേതാക്കളും സ്വാധീനിക്കപ്പെട്ടു. ഇന്ത്യയ്ക്ക് പുറത്ത്, വിവിധ രാജ്യങ്ങളിലായി നിരവധി ഗാന്ധി സ്മാരകങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ മഹാത്മാ ഗാന്ധിയുടെ(Mahatma Gandhi ) ആദര്‍ശങ്ങള്‍ക്ക് ഇന്ത്യയ്ക്ക് പുറത്തും സ്വീകാര്യതയേറെയാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ, സ്വാതന്ത്ര്യത്തിനായി പോരാടുന്നതിനൊപ്പം ആയുധമെടുക്കാതെ സമരം ചെയ്യാന്‍ ലോകത്തിന് പാഠമാകുക കൂടിയായിരുന്നു ഗാന്ധിജി(Gandhiji) . അഹിംസ(Non-violence)യില്‍ അടിയുറച്ച ഗാന്ധി ദര്‍ശനങ്ങളില്‍ പല ലോകനേതാക്കളും സ്വാധീനിക്കപ്പെട്ടു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്(Martin Luther King), സ്റ്റീവ് ബികോ(Steve Biko), നെല്‍സണ്‍ മണ്ടേല(Nelson Mandela) എന്നിവര്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ ആകൃഷ്ടരായവരില്‍പ്പെടുന്നു. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശമെന്ന് പറഞ്ഞ മഹാത്മാ ഗാന്ധി ദേശാതിര്‍ത്തികള്‍ ഭേദിച്ച് ആഗോള സ്വീകാര്യനായി, അഹിംസയുടെ പ്രവാചകനായി.. 

ഇന്ത്യയ്ക്ക് പുറത്ത്, വിവിധ രാജ്യങ്ങളിലായി നിരവധി ഗാന്ധി സ്മാരകങ്ങളും( monuments) സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സമാധാനത്തിന്റെയും മാനവികതയുടെയും അഹിംസയുടെ പ്രതീകമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിലകൊള്ളുന്ന 10 ഗാന്ധി സ്മാരകങ്ങള്‍ ഇവയാണ്...

1. ലേക്ക് ഷ്രൈന്‍, കാലിഫോര്‍ണിയ, യുഎസ്എ

യുഎസിലെ കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന ഗാന്ധി സ്മാരകമാണ് മഹാത്മാ ഗാന്ധി വേള്‍ഡ് പീസ് മെമ്മോറിയല്‍. ആയിരം വര്‍ഷം പഴക്കമുള്ള ചൈനീസ് സാര്‍കോഫാഗസില്‍ പ്രാചീനകാലത്തെ ശിലാനിര്‍മ്മിതമായ ശവപ്പെട്ടി) പിച്ചളയും വെള്ളിയും കൊണ്ട് നിര്‍മ്മിച്ച പെട്ടിക്കുള്ളില്‍ ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം സൂക്ഷിച്ചിരിക്കുന്നു. 1950ലാണ് ഈ സ്മാരകം പണി കഴിപ്പിച്ചത്.


2. ടാവിസ്റ്റോക്ക് സ്‌ക്വയര്‍, ലണ്ടന്‍, ഇംഗ്ലണ്ട്

ലണ്ടനിലെ ബ്ലൂംസ്ബറിയിലെ ടാവിസ്‌റ്റോക്ക് സക്വയറിലെ ഗാന്ധി പ്രതിമ നിര്‍മ്മിച്ചത് പോളിഷ് കലാകാരിയായ ഫ്രെഡ ബ്രില്യന്റ് ആണ്. 1968ല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഹാരോള്‍ഡ് വില്‍സണ്‍ ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

3. കോപ്പന്‍ഹേഗന്‍, ഡെന്മാര്‍ക്ക്

1984ല്‍ ഇന്ദിരാഗാന്ധി ഡെന്മാര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ ഡാനിഷ് സര്‍ക്കാരിന് സമ്മാനിച്ചതാണ് ഈ ഗാന്ധി പ്രതിമ.

4. ചര്‍ച്ച് സ്ട്രീറ്റ്, പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ്, ദക്ഷിണാഫ്രിക്ക

1893ല്‍ യാത്രക്കിടെ വെള്ളക്കാരനായ ഒരാള്‍ ഗാന്ധിജിയെ ട്രെയിനില്‍ നിന്ന് തള്ളി പുറത്താക്കിയ സ്ഥലമാണ് ദക്ഷിണാഫ്രിക്കയിലെ പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗ്. ഗാന്ധിജിയുടെ വെങ്കല പ്രതിമ ഇന്ന് പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗിലെ ചര്‍ച്ച് സ്ട്രീറ്റില്‍ നിലകൊള്ളുന്നു. ദക്ഷിണാഫ്രിക്കയിലെ ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു ആണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

5. പ്ലാസ സിസിലിയ, ബ്യൂണസ് ഐറിസ്, അര്‍ജന്റീന

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ 15-ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അര്‍ജന്റീനയ്ക്ക് സമ്മാനിച്ചതാണ് ഈ ഗാന്ധി പ്രതിമ. രാം വാഞ്ചി സുതര്‍ ആണ് പ്രതിമ നിര്‍മ്മിച്ചത്.

6. ഗ്ലെബ് പാര്‍ക്ക്, കാന്‍ബറ, ഓസ്‌ട്രേലിയ

ഗാന്ധിയുടെ വെങ്കല ശില്‍പമാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഗാന്ധിയന്‍ സിദ്ധാന്തങ്ങള്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.

7. മെമ്മോറിയല്‍ ഗാര്‍ഡന്‍, ജിങ്ക, ഉഗാണ്ട

1948ല്‍ ഗാന്ധിജിയുടെ ചിതാഭസ്മത്തിന്റെ ഒരു ഭാഗം ജിങ്കയിലെ നൈല്‍ നദിയില്‍ നിമജ്ജനം ചെയ്തിരുന്നു. ഇതിന്റെ സ്മരണാര്‍ത്ഥമാണ് ഇവിടെ ഗാന്ധി പ്രതിമ സ്ഥാപിച്ചത്.

8. സമാധാനത്തിന്റെ പൂന്തോട്ടം(ഗാര്‍ഡന്‍ ഓഫ് പീസ്), വിയന്ന, ഓസ്ട്രിയ

ഓസ്ട്രിയന്‍ കലാകാരനായ വെര്‍ണര്‍ ഹൊര്‍വാത് എണ്ണച്ചായത്തില്‍ തീര്‍ത്ത ഗാന്ധിജിയുടെ ചുവര്‍ചിത്രമാണ് വിയന്നയിലെ സമാധാനത്തിന്റെ പൂന്തോട്ടത്തില്‍ നിലകൊള്ളുന്നത്. സാമാധാനത്തിന്റെയും അഹിംസയുടെയും പാതയില്‍ ഗാന്ധിജിയുടെ സംഭാവനകള്‍ പ്രതിനിധീകരിച്ചാണ് ഈ ചിത്രം സ്ഥാപിച്ചത്.

9 . അരിയാന പാര്‍ക്ക്, ജനീവ, സ്വിറ്റ്‌സര്‍ലാന്‍ഡ്

1948ല്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മില്‍ ഒപ്പുവെച്ച സൗഹൃദ ഉടമ്പടി, ട്രീറ്റി ഓഫ് അമിറ്റിയുടെ സ്മരണയ്ക്കായി, ഈ ഉടമ്പടിയുടെ 60-ാം വാര്‍ഷികത്തില്‍ ഇന്ത്യ സമ്മാനിച്ചതാണ് ഈ പ്രതിമ. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാന്ധി വചനത്തിന്റെ ഫ്രഞ്ച് വിവര്‍ത്തനമാണ് പ്രതിമയ്ക്ക് താഴെ ആലേഖനം ചെയ്തിട്ടുള്ളത്.

10. പാര്‍ലമെന്റ് സ്‌ക്വയര്‍, ലണ്ടന്‍, ഇംഗ്ലണ്ട്

ലണ്ടനില്‍ അടുത്തിടെ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ ശില്‍പ്പമാണിത്. 2015 മാര്‍ച്ച് 14നാണ് കലാകാരനായ ഫിലിപ് ജാക്‌സണ്‍ നിര്‍മ്മിച്ച ഈ ശില്‍പ്പം സ്ഥാപിച്ചത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ഗാന്ധിയുടെ ചെറുമകനും മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായിരുന്ന ഗോപാല്‍ കൃഷ്ണ ഗാന്ധി, നടന്‍ അമിതാഭ് ബച്ചന്‍ എന്നിവര്‍ അന്ന് അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

click me!