കണ്ണൂരില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസ്; സമ്മര്‍ദ്ദം ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം

By Web TeamFirst Published Jan 20, 2019, 12:06 AM IST
Highlights

ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുറമെ ഗൾഫ്, മലേഷ്യ, സിംഗപ്പൂർ വിമാനക്കമ്പനികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള മുഴുവൻ വിമാനക്കമ്പനികളെയും എത്തിച്ച് സർവ്വീസ് വിപുലീകരിക്കുകയാണ് ലക്ഷ്യം. കൂടുതൽ ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകൾ എന്നയാവശ്യത്തിന് പുറമെ വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താനുള്ള അനുമതിക്കും സമ്മർദം ശക്തമാക്കും

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവ്വീസുകൾക്കായി സമ്മർദം ശക്തമാക്കി സർക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിമാനക്കമ്പനികളും വ്യോമയാന മന്ത്രാലയ അധികൃതരും പങ്കെടുക്കുന്ന യോഗം 21ന് ചേരും. കണ്ണൂരിൽ നിന്നുള്ള ആഭ്യന്തര യാത്രക്കാരുടെ എണ്ണം കണക്കുകൂട്ടലുകൾ തെറ്റിച്ച് കുതിക്കുകയാണെന്ന് കിയാൽ എം ഡി തുളസീദാസ് പറഞ്ഞു. കിയാലിന്റെ ഓഹരിമൂലധനം 1500 കോടിയിൽ നിന്ന് 3500 കോടിയാക്കി ഉയർത്താനും ശ്രമം തുടങ്ങി.

ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പുറമെ ഗൾഫ്, മലേഷ്യ, സിംഗപ്പൂർ വിമാനക്കമ്പനികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള മുഴുവൻ വിമാനക്കമ്പനികളെയും എത്തിച്ച് സർവ്വീസ് വിപുലീകരിക്കുകയാണ് ലക്ഷ്യം. കൂടുതൽ ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകൾ എന്നയാവശ്യത്തിന് പുറമെ വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താനുള്ള അനുമതിക്കും സമ്മർദം ശക്തമാക്കും. സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് വ്യോമയാന മന്ത്രാലയം 21ന് യോഗം ചേരുന്നത്. പ്രവർത്തനം തുടങ്ങി ഒരുമാസം പിന്നിടുമ്പോൾ ആഭ്യന്തര യാത്രക്കാരുടെ എണ്ണം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തെ മറികടക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സർവ്വീസുകൾക്കായി നീക്കം തുടങ്ങിക്കഴിഞ്ഞു.

കിയാൽ ഓഹരിയുടമകളുടെ ഒൻപതാമത് വാർഷിക പൊതുയോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേര്‍ന്നിരുന്നു. കാർഗോ കോംപ്ലക്സ്, റൺവേ അടക്കമുള്ളവയുടെ വികസനത്തിനും വായ്പ്പാഭാരം കുറക്കാൻ ലക്ഷ്യമിട്ടും ഓഹരിമൂലധനം 1500 കോടിയിൽ നിന്ന് 3500 കോടിയാക്കി ഉയർത്താനുള്ള പ്രമേയം അവതരിപ്പിച്ചു. യുഎഇ, സൗദി, ഒമാൻ, ഖത്തർ എന്നിവിടങ്ങൾക്ക് പുറമെ ബഹറൈൻ കുവൈത്ത് എന്നീ രാഷ്ട്രങ്ങളിലേക്ക് കൂടി ഉടൻ സർവ്വീസ് വ്യാപിപ്പിക്കും. ഗോ എയറിന് പുറമെ ഇന്റിഗോ കൂടി ഉടൻ ആഭ്യന്തര സർവ്വീസുകൾ തുടങ്ങും. ഇന്ധനനികുതിയിൽ ലഭിച്ച ഇളവ് പുതുതായി പ്രവർത്തനം തുടങ്ങിയ വിമാനത്താവളമെന്ന നിലയിൽ വലിയ സഹായമാവുമെന്നാണ് വിലയിരുത്തൽ

click me!