വന്ദേ ഭാരത് നാലാം ഘട്ടത്തില്‍ മസ്കറ്റിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു

By Web TeamFirst Published Jul 2, 2020, 10:50 PM IST
Highlights

ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ആറ് അധിക സർവീസുകളിൽ തിരുവനന്തപുരത്തിന് പുറമെ ഡൽഹി, ചെന്നൈ, ലഖ്നൗ, ‌ഹൈദരാബാദ്, ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് മസ്കറ്റിൽ നിന്നും വിമാനങ്ങൾ പുറപ്പെടുക. 

മസ്കറ്റ്: വന്ദേ ഭാരത് ദൗത്യത്തിന്‍റെ നാലാം ഘട്ടത്തിൽ ആറ് അധിക വിമാന സർവീസുകൾ കൂടി മസ്കറ്റ് ഇന്ത്യൻ എംബസി പ്രഖ്യാപിച്ചു. ഇതോടെ നാലാം ഘട്ടത്തിൽ മസ്കറ്റിൽ നിന്നും 22 വിമാന സർവീസുകൾ ഇന്ത്യയിലേക്ക് ഉണ്ടാകും. ജൂലൈ ഒന്ന് മുതലാണ് നാലാം ഘട്ട സർവീസുകൾ ആരംഭിച്ചത്.

വന്ദേ ഭാരത് ദൗത്യത്തിന്‍റെ നാലാം ഘട്ടത്തിന്‍റെ ആദ്യ പ്രഖ്യാപനത്തിൽ 16 വിമാന സർവീസുകൾ ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലേക്കുണ്ടാകുമെന്നാണ് മസ്കറ്റ് ഇന്ത്യൻ എംബസി വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നത്. കേരളത്തിലേക്കുള്ള 11 സർവീസുകൾക്ക് പുറമെ ചെന്നൈ, മംഗളൂരു, ഹൈദരബാദ്‌, മുബൈ, ഡൽഹി എന്നിവടങ്ങളിലേക്കും മസ്കറ്റിൽ നിന്നും സർവീസുകൾ ഉണ്ടായിരിക്കുമെന്നും അറിയിപ്പിൽ പറഞ്ഞിരുന്നു.

എന്നാൽ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന ആറ് അധിക സർവീസുകളിൽ തിരുവനന്തപുരത്തിന് പുറമെ ഡൽഹി, ചെന്നൈ, ലഖ്നൗ, ‌ഹൈദരാബാദ്, ബാംഗ്ളൂർ എന്നിവടങ്ങളിലേക്കാണ് മസ്കറ്റിൽ നിന്നും വിമാനങ്ങൾ പുറപ്പെടുക. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പട്ടികയിൽ സലാലയിൽ നിന്നും സർവീസുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ഇതിനകം അഞ്ചു വിമാന സർവീസുകൾ മാത്രമാണ് സലാലയിൽ നിന്നും വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ കേരളത്തിലേക്ക് പ്രവാസികളുമായി മടങ്ങിയിട്ടുള്ളത് .

മസ്കറ്റ് ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തവർക്കായിരിക്കും നാലാം ഘട്ടത്തിലും ഇന്ത്യയിലേക്ക് മടങ്ങുവാൻ അവസരം ലഭിക്കുക. അടിയന്തര വൈദ്യചികിത്സ ആവശ്യമുള്ളവർ,ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ, മുതിർന്ന പൗരന്മാർ എന്നിവർക്കായിരിക്കും മുൻഗണനയെന്നും മസ്കറ്റ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ ഇതുവരെ (ജൂലൈ-2) 35 വിമാന സർവീസുകളാണ് ഒമാനിൽ നിന്നും കേരളത്തിലേക്ക് പ്രവാസികളുമായി മടങ്ങിയിട്ടുള്ളത്.

ഇതിലൂടെ 6300ഓളം യാത്രക്കാർക്ക് മാത്രമേ വന്ദേ ഭാരത് ദൗത്യത്തിലൂടെ കേരളത്തിലേക്ക് മടങ്ങുവാൻ സാധിച്ചിട്ടുമുള്ളൂ. മെയ് ഒമ്പതിനാണ്  വന്ദേ ഭാരത് ദൗത്യത്തിൻറെ കീഴിലുള്ള ആദ്യ വിമാനം മസ്കറ്റിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിരുന്നത്. നോര്‍ക്കാ റൂട്ട്സ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഒമാനിൽ നിന്നും കേരളത്തിലേക്ക് മടങ്ങുവാനായി 33752 പ്രവാസികളാണ് പേര് രജിസ്റ്റർ ചെയ്തിരുന്നത്. മസ്കറ്റ് ഇന്ത്യൻ എംബസിയിൽ  ഇതിനകം എത്രപേർ രജിസ്റ്റർ  ചെയ്തുവെന്ന കണക്കുകളും അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

വന്ദേ ഭാരത്: യുഎഇയില്‍ നിന്ന് ഇതുവരെ നാട്ടിലെത്തിയത് ഒന്നേകാല്‍ ലക്ഷത്തിലധികം പ്രവാസികള്‍


 

click me!