കൊവിഡ്: സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച, ഒമാനില്‍ മരണസംഖ്യ ഉയരുകയാണെന്ന് ആരോഗ്യമന്ത്രി

By Web TeamFirst Published Jul 2, 2020, 9:26 PM IST
Highlights

രാജ്യത്തെ കര,വ്യോമ അതിർത്തികൾ ഉടൻ തുറന്നു പ്രവർത്തിക്കുവാൻ പദ്ധതിയില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ഡോകട്ർ അഹമ്മദ് അൽ ഫുടൈസി അറിയിച്ചു. 

മസ്കറ്റ്: ഒമാനില്‍ കൊവിഡ് മരണസംഖ്യ വര്‍ദ്ധിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി അഹമ്മദ് മുഹമ്മദ് ഉബൈദ് അൽ സൈദി. ജനങ്ങൾ സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് ഒമാൻ ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ കര,വ്യോമ അതിർത്തികൾ ഉടൻ തുറന്നു പ്രവർത്തിക്കുവാൻ പദ്ധതിയില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി ഡോകട്ർ അഹമ്മദ് അൽ ഫുടൈസി അറിയിച്ചു. 

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ കൊവിഡ് മൂലം 43 മരണവും 9000ത്തിലധികം പേർക്ക് പുതിയതായി വൈറസ് സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി. ഒമാൻ സുപ്രീം കമ്മറ്റിയുടെ പന്ത്രണ്ടാമത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഒമാൻ ആരോഗ്യ മന്ത്രി. ഇന്ന് കൊവിഡ് ബാധിച്ച് രാജ്യത്ത് മൂന്ന് പേര്‍  കൂടി മരിച്ചു. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 188 ആയി ഉയർന്നു .

1361 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം പിടിപെട്ടുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു. രാജ്യത്ത് ഇതുവരെ 42,555 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 25,318 പേര്‍ സുഖം പ്രാപിച്ചുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. കൊവിഡ് കാലയളവിൽ ഒമാൻ സ്വദേശികൾക്ക് രാജ്യം വിട്ടു പുറത്ത് പോകുവാൻ അനുവാദം ഉണ്ടാകില്ല. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ കര,വ്യോമ അതിർത്തികൾ തുറക്കുന്നതിനെപ്പറ്റി ഉടൻ ആലോചിക്കുന്നില്ലെന്നും ഗതാഗത മന്ത്രി അഹമ്മദ് അൽ ഫുടൈസി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ  മാസ്ക് ധരിക്കാത്തവരെ കണ്ടെത്തുവാൻ പരിശോധന ഊര്‍ജിതമാക്കുമെന്നും മന്ത്രി ഫുടൈസി അറിയിച്ചു. 

കൊവിഡ്: സൗദിയില്‍ മരണസംഖ്യ ഉയരുന്നു, 3000ത്തിലധികം പേര്‍ക്ക് കൂടി രോഗം

click me!