അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 12 ലക്ഷം ലഹരി ഗുളികകളുമായി ഏഷ്യക്കാര്‍ അറസ്റ്റില്‍

By Web TeamFirst Published Aug 4, 2020, 7:28 PM IST
Highlights

120,000 മയക്കുമരുന്ന് ഗുളികകൾ കൈവശം വച്ചിരുന്ന ആദ്യത്തെ പ്രതിയെ അറസ്റ്റുചെയ്തതോടെ ആണ് കേസിന്റെ കൂടുതല്‍ വിശദാംശങ്ങൾ ലഭിച്ചതെന്ന് അബുദാബി പോലീസ് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ തഹെർ ഗാരിബ് അൽ ധഹേരി പറഞ്ഞു.

അബുദാബി: അബുദാബിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഏഴ് ഏഷ്യൻ വംശജര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ കൈവശമുണ്ടായിരുന്ന 12 ലക്ഷം മയക്കുമരുന്ന് ഗുളികകൾ അബുദാബി പൊലീസ് പിടിച്ചെടുത്തു. പല എമിറേറ്റുകളിലായി പ്രവര്‍ത്തനം നടത്തിയിരുന്ന ഇവര്‍ 4 മാസമായി പൊലീസ് നിരീക്ഷണത്തില്‍ ആയിരുന്നു. 

120,000 മയക്കുമരുന്ന് ഗുളികകൾ കൈവശം വച്ചിരുന്ന ആദ്യത്തെ പ്രതിയെ അറസ്റ്റുചെയ്തതോടെ ആണ് കേസിന്റെ കൂടുതല്‍ വിശദാംശങ്ങൾ ലഭിച്ചതെന്ന് അബുദാബി പോലീസ് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ തഹെർ ഗാരിബ് അൽ ധഹേരി പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ പുതിയ ലീഡുകൾ ലഭിക്കുകയും ബാക്കി സംഘത്തെ കൂടെ പിടികൂടുവനും പൊലീസിന് സാധിച്ചു. 

മയക്കുമരുന്നിനെതിരെ പോരാടുന്നതിനും അത് വില്‍ക്കുന്നവരെ പിന്തുടരുന്നതിനും അവരുടെ രീതികൾ വെളിപ്പെടുത്തി ഇതു മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ തടയുന്നതിനും ഈ വിഷവസ്തുക്കളുടെ ഉറവിടങ്ങൾ  ഇല്ലാതാക്കുന്നതിനുമായി എല്ലാ സുരക്ഷ, പ്രതിരോധ മാര്‍ഗ്ഗങ്ങള്‍  സ്വീകരിച്ചിട്ടുണ്ടെന്നും  മയക്കുമരുന്ന് കടത്തലും ഇതിന്‍റെ ഉപയോഗം  പ്രോത്സാഹിപ്പിക്കുന്നതും  ഒരു സംഘടിത കുറ്റകൃത്യമായി കണക്കാക്കുന്നുവെന്നും  അതിർത്തികൾ കടന്ന് അപകടകരമായ കുറ്റവാളികള്‍ ഇത്തരം പ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

 യുവാക്കൾക്ക് വിനാശകരമായ ഈ വിഷവസ്തുക്കളെ നേരിടുന്നത് സാമൂഹിക ഉത്തരവാദിത്തമാണെന്നും ഇതിന്‍റെ പരിണിതഫലം നേരിടുന്നതിലും വ്യാപനം തടയുന്നതിലും പ്രതിരോധത്തിന്റെ ആദ്യ നിരയാണ് ഓരോ കുടുംബവും എന്നും കേണൽ തഹെർ ഗാരിബ് അൽ ധഹേരി കൂട്ടിച്ചേര്‍ത്തു. 

ഇത്തരം കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ പൊലീസുമായി  സഹകരിക്കാനും ക്രിമിനൽ മയക്കുമരുന്ന് സംഘങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് കാരണമാകുന്ന ഏതെങ്കിലും സുരക്ഷാ വിവരങ്ങൾ 8002626 എന്ന  നമ്പറില്‍ വിളിച്ചു റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട്  മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

"


 

click me!